പെട്ടിയിൽനിന്ന് ഒരു കെട്ട് ബാലറ്റ് പേപ്പറുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടറുടെ റിപ്പോർട്ട്
text_fieldsകൊച്ചി: കാണാതായശേഷം തിരികെ കിട്ടിയ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് അടങ്ങുന്ന പെട്ടിയിൽനിന്ന് ഒരു കെട്ട് ബാലറ്റ് പേപ്പറുകൾ കാണാതായെന്ന് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ ഹൈകോടതിയിൽ.
അഞ്ചാം മേശയിൽ എണ്ണിയ പോസ്റ്റൽ ബാലറ്റിലെ 482 ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന കെട്ടാണ് കാണാതായത്. അതേസമയം, ഇവിടെ വോട്ടെണ്ണൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും നിരീക്ഷകനുമടക്കം ഒപ്പിട്ട പോസ്റ്റൽ ബാലറ്റുകളുടെ വിവരങ്ങൾ അടങ്ങിയ ടാബുലേഷൻ ഷീറ്റ് ലഭിച്ചു. ഇതും കോടതിയിൽ സമർപ്പിച്ചു. തുറന്ന നിലയിലായിരുന്നു പെട്ടിയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിൽനിന്ന് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർഥി ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ നൽകിയ ഹരജിയിലാണ് വരണാധികാരിയുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽനിന്ന് ബാലറ്റ് പെട്ടി കാണാതായത്.
പോസ്റ്റൽ വോട്ടടക്കമുള്ള രേഖകൾ ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചതിനെത്തുടർന്ന് ജനുവരി 16ന് സബ് ട്രഷറിയിലെ ഇലക്ഷൻ സ്ട്രോങ് റൂം തുറന്നു പരിശോധിച്ചപ്പോഴാണ് നാല്, അഞ്ച്, ആറ് വോട്ടെണ്ണൽ മേശകളിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ചിരുന്ന ഇരുമ്പു പെട്ടി കാണാനില്ലെന്ന് ബോധ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറത്തെ സഹകരണ ജോയന്റ് രജിസ്ട്രാറുടെ ഓഫിസിലേക്ക് പെട്ടി 2022 ഫെബ്രുവരി പത്തിന് തെറ്റായി എടുത്തുകൊണ്ടുപോയതാണെന്ന് കണ്ടെത്തി. ഈ മൂന്ന് മേശകളിലെ സാധുവായതും അസാധുവായതും നിരസിച്ചതുമായ പോസ്റ്റൽ ബാലറ്റുകളെല്ലാം ഈ പെട്ടിയിലായിരുന്നു.
ഉടൻതന്നെ അവിടെയെത്തി അന്വേഷണം നടത്തിയപ്പോൾ അഞ്ചാമത്തെ മേശയിൽ എത്തിച്ച 482 പോസ്റ്റൽ വോട്ടുകളുടെ കെട്ട് ഒഴികെയുള്ളവ കണ്ടെത്തി. അടുക്കി ഭദ്രമായി വെച്ചിരുന്ന കെട്ടുകൾ വലിച്ചെറിഞ്ഞതുപോലെ ജോ. രജിസ്ട്രാർ ഓഫിസിന്റെ മൂലയിൽ ചിതറിക്കിടക്കുകയായിരുന്നു. അസ്വാഭാവിക രീതിയിലാണ് പെട്ടി കണ്ടെത്തിയതെന്ന് പറയുന്നുണ്ടെങ്കിലും അട്ടിമറി സൂചന സബ് കലക്ടറുടെ റിപ്പോർട്ടിലില്ല. അതേസമയം, ബാലറ്റുകൾ സൂക്ഷിക്കാനും കൈമാറ്റം ചെയ്യുമ്പോൾ സ്വീകരിക്കാനും ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് രേഖകൾ വാങ്ങാൻ ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് വന്ന സീനിയർ ഇൻസ്പെക്ടർ സി.എൻ. പ്രതീഷ് നൽകിയ രസീതുകൾ കൃത്യമായി പരിശോധിക്കാതെ സബ് ട്രഷറിയിലെ ട്രഷററുടെ ചുമതലയുണ്ടായിരുന്ന എസ്. രാജീവ് പെട്ടി കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെട്ടിയിലുള്ള രേഖകൾ ചാക്കുകളിലാക്കി പ്രതീഷ് ജോ. രജിസ്ട്രാർ ഓഫിസിൽ കൂട്ടിയിട്ടു. സബ് ട്രഷറി ഓഫിസർ എൻ. സതീഷ് കുമാറോ ജോ. രജിസ്ട്രാർ എസ്. പ്രഭിത്തോ ഇക്കാര്യം പരിശോധിച്ചില്ല. പോസ്റ്റൽ ബാലറ്റ് കെട്ട് കാണാതായതിൽ വിശദഅന്വേഷണം വേണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
അപാകതകള് ചൂണ്ടിക്കാട്ടി 348 തപാൽ വോട്ടുകൾ അസാധുവാക്കിയത് ചോദ്യം ചെയ്താണ് ഇടത് സ്ഥാനാർഥി കോടതിയെ സമീപിച്ചത്. ഈ 348 പോസ്റ്റൽ വോട്ടുകൾ അടങ്ങുന്ന പെട്ടിയാണ് കാണാതെ പോയത്. തെരഞ്ഞെടുപ്പില് 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്.
സ്ട്രോങ് റൂം ചുമതലയുള്ള രണ്ടുപേർക്ക് സസ്പെൻഷൻ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയമസഭ മണ്ഡലം തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി സ്ട്രോങ് റൂമിൽനിന്ന് നഷ്ടമായ സംഭവത്തിൽ രണ്ട് ട്രഷറി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസർ എൻ. സതീഷ് കുമാർ, അന്നത്തെ ട്രഷറി ട്രഷററും ഇപ്പോൾ സീനിയർ അക്കൗണ്ടന്റുമായ എസ്. രാജീവ് എന്നിവരെയാണ് ട്രഷറി ഡയറക്ടർ വി. സാജൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ ഉത്തരവിൽ കാലപരിധി വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച ഉത്തരവ് ഇ-മെയിൽ വഴി ജില്ല ട്രഷറി ഓഫിസിലും പ്രതിനിധി മുഖേന പെരിന്തൽമണ്ണയിലും എത്തിച്ച് ഇരുവർക്കും നേരിട്ട് കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ തപാൽ വോട്ടുകൾ നശിപ്പിക്കാനായി ഇവ അടങ്ങുന്ന പെട്ടി പെരിന്തൽമണ്ണ സബ് ട്രഷറി സ്ട്രോങ് റൂമിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ പെട്ടി മാറിയതായാണ് പ്രാഥമിക കണ്ടെത്തൽ.
ട്രഷറി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കാണിച്ച് ചൊവ്വാഴ്ച മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ പി. സുരേഷ് തെളിവെടുപ്പ് നടത്തി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി ട്രഷറി ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സ്ട്രോങ് റൂമിന്റെ താക്കോൽ ട്രഷറി ഓഫിസറുടെയും ട്രഷററുടെയും കൈവശമാണുണ്ടാവുക. ട്രഷറി വകുപ്പിന്റെ വിജിലൻസ് അന്വേഷണം പൂർത്തിയാവുന്ന മുറക്കേ മറ്റു ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്നും നടപടിക്കിരയായ ഉദ്യോഗസ്ഥർക്ക് മേൽ കൂടുതൽ നടപടികൾ വേണ്ടതുണ്ടോ എന്നും തീരുമാനമാവൂ.
വോട്ടുപെട്ടി തുറന്നത് പൂട്ട് പൊട്ടിച്ച്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ട്രഷറി സ്ട്രോങ് റൂമിൽനിന്ന് നഷ്ടപ്പെട്ട തപാൽ വോട്ടുകൾ പൂർണമായി കത്തിക്കാൻ കഴിയാതെ പോയത് തലനാരിഴക്ക്. 2022 ഫെബ്രുവരിയിൽ സ്ട്രോങ് റൂമിൽനിന്ന് പെട്ടി എടുത്ത് മലപ്പുറത്തുകൊണ്ട് പോയെങ്കിലും തുറക്കാൻ കഴിയാതെ പൂട്ടുപൊട്ടിക്കേണ്ടി വന്നെന്നാണ് സഹകരണ വകുപ്പുമായി ബന്ധപ്പെട്ട ചില ജീവനക്കാർ പറയുന്നത്.
പെട്ടി കൊണ്ടുപോയവരുടെ കൈവശം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് 121ാമത് നമ്പർ പെട്ടിയുടെ താക്കോൽ ആയതുകൊണ്ട് തുറക്കാൻ കഴിയാതാവുകയായിരുന്നു. അകത്തുള്ള മുഴുവൻ കടലാസ് കെട്ടും മലപ്പുറം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ കൂട്ടിയിട്ട് പെട്ടി വീണ്ടും പെരിന്തൽമണ്ണ ട്രഷറി ഓഫിസിൽ എത്തിച്ചെങ്കിലും അവിടെ വാങ്ങിയില്ല. തിരിച്ചുകൊടുക്കണം എന്ന ധാരണയിലാണ് തിരിച്ചെത്തിച്ചത്. തുടർന്ന് സഹകരണ വകുപ്പ് പെരിന്തൽമണ്ണ എ.ആർ ഓഫിസിൽ ഈ പെട്ടി വെച്ചെന്നും പറയുന്നു. ഇത്രയേറെ കടലാസ് കെട്ട് മലപ്പുറത്ത് ഓഫിസ് പരിസരത്ത് കത്തിക്കാൻ കഴിയാതായതോടെ പെരിന്തൽമണ്ണയിൽ കൊണ്ടുപോയി കത്തിക്കാൻ കഴിയുമോ എന്ന് ചോദിച്ചെങ്കിലും നടന്നില്ല. പിന്നീട് കണ്ടെത്തി സബ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച് അവ തിരികെ പെരിന്തൽമണ്ണയിൽ എത്തിച്ചപ്പോൾ നൽകിയ വിശദീകരണം പെട്ടി തുറന്ന നിലയിൽ ആയിരുന്നെന്നും എന്നാൽ, കവറുകൾ സീൽ ചെയ്ത നിലയിൽതന്നെ ആയിരുന്നു എന്നുമാണ്. തപാൽ വോട്ട് ബാലറ്റ് പഴയത് എടുത്തുമാറ്റി പുതിയത് വെച്ചിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും എന്ന് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ചോദിച്ചപ്പോൾ നൽകിയ മറുപടി പെട്ടി കോടതിയിൽ തുറക്കുമ്പോൾ മാത്രമേ ഈ വിവരങ്ങൾ അറിയാൻ ആവൂ എന്നാണ്.
പൂട്ടുപൊട്ടിച്ചതും കാലിപ്പെട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിൽ ഉപേക്ഷിച്ചതും തപാൽ വോട്ടുകൾ കണ്ടെത്തിയ തിങ്കളാഴ്ച സ്ഥാനാർഥിയുടെ ഏജന്റ് സബ് കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 2021 മേയ് രണ്ടിന് വോട്ട് എണ്ണിയ വേളയിലും പിന്നീട് ഹൈകോടതിയിലും തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാർഥി കെ.പി.എം. മുസ്തഫ സ്പെഷൽ തപാൽ വോട്ടുകളിൽ 348 എണ്ണം എണ്ണിയില്ല എന്ന കാര്യം പരാതിയായി ഉന്നയിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.