പെരിയ കേസിൽ സർക്കാറിന് തിരിച്ചടി; സി.ബി.ഐ തന്നെ അന്വേഷിക്കും
text_fieldsന്യൂഡൽഹി: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടിയന്തരമായി സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാറിനോട് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കേരള ഹൈകോടതി വിധിയെ തുടർന്ന് 2019 ഒക്ടോബറിൽ കേസ് രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. അന്വേഷണത്തിെൻറ ഭാഗമായി ശരത് ലാലിെൻറയും കൃപേഷിേൻറയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നും മേത്ത അറിയിച്ചു.
സംസ്ഥാന സർക്കാർ സി.ബി.ഐയോട് സഹകരിക്കാത്തതുകൊണ്ട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെന്ന സി.ബി.ഐ നിലപാട് മേത്ത ആവർത്തിച്ചു. കേസ് ഡയറിക്കായി ഡിവൈ.എസ്.പി തൊട്ട് ഡി.ജി.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല. അതിനാൽ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കണമെന്നും മേത്ത വാദിച്ചു.
സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരൂ എന്നും അത് അനിവാര്യമാണെന്നും ശരത് ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഡ്വ. വി. ഗിരി വാദിച്ചു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ സ്ഥിതിക്ക് കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചു.
ഹൈകോടതി സിംഗ്ൾ ബെഞ്ചിെൻറ ചില നിരീക്ഷണങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയെന്നും അന്വേഷണസംഘത്തെ കുറിച്ച് ആർക്കും പരാതി ഇല്ലെന്നും സിങ് തുടർന്നു. തുടരന്വേഷണം നിർദേശിക്കേണ്ടത് വിചാരണ കോടതി ആണെന്നും മനീന്ദർ സിങ് ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാന സർക്കാറിെൻറ വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.