പി.പി. ദിവ്യയുടെ വഴിയേ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി മണികണ്ഠനും; രാഷ്ട്രീയ പദവി ഇളകില്ല
text_fieldsകാസർകോട്: എ.ഡി.എമ്മിന്റെ ആത്മഹത്യക്ക് പ്രേരണക്കുറ്റം ചുമത്തിയതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച കണ്ണൂരിലെ പി.പി. ദിവ്യയുടെ വഴി സി.പി.എമ്മിന് മണികണ്ഠനും തുറന്നുകൊടുക്കേണ്ടിവരും. ശിക്ഷിക്കപ്പെട്ടയാൾ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് തുടരരുതെന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും. ലൈബ്രറി കൗൺസിൽ സ്വയംഭരണ സ്ഥാപനമായതുകൊണ്ട് കുഞ്ഞിരാമന് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാം.
മണികണ്ഠനെ പ്രതിചേർത്തത് പിണറായി സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം തന്നെയായിരുന്നു. പിന്നീട് ജാമ്യമെടുത്ത് തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതിനാൽ നിയമപ്രശ്നവും ധാർമിക പ്രശ്നവും ഒരുമിച്ച് വരുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് അഞ്ചുവർഷത്തേക്ക് മത്സരിക്കാനും വിലക്കുണ്ടാകും.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമാണ് കെ.വി. കുഞ്ഞിരാമൻ, ജില്ല കമ്മിറ്റി അംഗമാണ് മണികണ്ഠൻ. ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ഭാസ്കരനും രാഘവനും. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളായതുകൊണ്ട് ഇവരെ രാഷ്ട്രീയ പദവിയിൽ തരംതാഴ്ത്താൻ സി.പി.എം തയാറാകില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പ്രേരണയായതിനാൽ ദിവ്യയെ സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും കുഞ്ഞനന്തനെ സി.പി.എം തരംതാഴ്ത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.