പെരിയ ഇരട്ടക്കൊല: മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ പ്രതി
text_fieldsകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തു. ബുധനാഴ്ച അറസ്റ്റിലായ അഞ്ച് പ്രതികളെ ഹാജരാക്കിയതിനൊപ്പം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കുഞ്ഞിരാമനടക്കം 10 പേരെക്കൂടി പ്രതിചേർത്തതായി സി.ബി.ഐ അറിയിച്ചത്. 20ാം പ്രതിയാണ് കുഞ്ഞിരാമൻ.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യാട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടാം ദിവസം കാസർകോട് പാക്കം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ കുഞ്ഞിരാമനും മറ്റു പ്രതികളും ചേർന്ന് മോചിപ്പിച്ചെന്നാരോപിച്ചാണ് പ്രതിചേർത്തത്. ഈ സംഭവത്തിൽ പങ്കാളിത്തം വ്യക്തമായതോടെയാണ് പ്രതിചേർത്തതെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇദ്ദേഹത്തിന് കുറ്റകൃത്യത്തിൽ കൂടുതൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനാവൂവെന്നാണ് സി.ബി.ഐ നിലപാട്.
എന്നാൽ, അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. നേരത്തേ പൊലീസ് പ്രതിചേർത്ത 14 പ്രതികളെ കൂടാതെയാണ് 10 പേരെക്കൂടി സി.ബി.ഐ പ്രതിചേർത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 15 മുതൽ 19വരെ പ്രതികളായ വിഷ്ണു സുര എന്ന സുരേന്ദ്രൻ, എ. മധു എന്ന ശാസ്ത മധു, റെജി വർഗീസ്, എ. ഹരിപ്രസാദ്, മാവുങ്കൽ രാജു എന്ന പി. രാജേഷ് എന്നിവരെ ഈമാസം 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസംതന്നെ കോടതിയെ സമീപിക്കാനാണ് സി.ബി.ഐ തീരുമാനം.
ഇവരെ കൂടാതെ, (20 മുതൽ 24വരെ പ്രതികൾ) കുഞ്ഞിരാമൻ, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയും സി.പി.എം പാക്കം ലോക്കൽ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്കരൻ, പാക്കം തെക്കനത്ത് വീട്ടിൽ ഗോപകുമാർ എന്ന ഗോപൻ വെളുത്തോളി, ബേക്കൽ പള്ളിപ്പുഴ വീട്ടിൽ സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരാണ് പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ. ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞു. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവർക്കെതിരായ ആരോപണം. പ്രതികളെ ഒളിപ്പിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും കൂട്ടുനിന്നെന്ന ആരോപണമാണ് 23, 24 പ്രതികളായ ഗോപകുമാർ, സന്ദീപ് എന്നിവർക്കെതിരെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.