പെരിയ ഇരട്ടക്കൊല: കൃത്യനിർവഹണം ഇങ്ങനെ
text_fields1. ആസൂത്രണം
2019 ഫെബ്രുവരി 17ന് വൈകീട്ട് 5.30ന് ഒന്നാം പ്രതി പീതാംബരനും അഞ്ചാം പ്രതി ഗിജിനുമാണ് കൃത്യനിർവണ പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രോസിക്യൂഷൻ. പീതാംബരൻ എട്ടാം പ്രതി സുബീഷിനോട് കൂടെ ചേരാൻ ആവശ്യപ്പെട്ടു. ഗിജിൻ, മൂന്നാം പ്രതി സുരേഷിനെയും ചേർത്തു. ഗിജിനും സുരേഷും സുബിനും അന്ന് വൈകീട്ട് 5.20ന് ഏച്ചിലടുക്കത്ത് എത്തി. അവിടെവെച്ച് ഓരോ ആളെയും കൂടെ ചേർത്ത് ചുമതലകൾ വീതിച്ചു. കല്യോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം സംഘാടക സമിതി കഴിഞ്ഞ് ശരത് ലാലും കൃപേഷും പുറപ്പെടുന്ന കാര്യം ആറാം പ്രതി ശ്രീരാഗിനെ ഫോൺ വഴി അറിയിക്കാൻ പത്താം പ്രതി രഞ്ജിത്തിനെ ചുമതലപ്പെടുത്തി.
ഇക്കാര്യം പീതാംബരനെ അറിയിക്കാൻ 15ാം പ്രതി സുരേന്ദ്രനെ ചുമതലപ്പെടുത്തി. വാനുമായി നിൽക്കാൻ 18ാം പ്രതി ഹരിപ്രസാദിനെയും കാറുമായി നിൽക്കാൻ ഒമ്പതാം പ്രതി മുരളിയെയും വാഹനങ്ങൾ വീട്ടിൽ ഒരുക്കിനിർത്താൻ 16ാം പ്രതി ശാസ്ത മധുവിനെയും ചുമതലപ്പെടുത്തി. ഇരുമ്പ് പൈപ്പ് എടുക്കാൻ 17ാം പ്രതി റജി വർഗീസിനെ ചുമതലപ്പെടുത്തി. 19ാം പ്രതി രാജേഷിനോട് പാർട്ടി കേഡർമാരുമായി സ്പോട്ടിൽ എത്താൻ നിർദേശം നൽകി. പ്രതികളായ സുരേഷ്, അനിൽകുമാർ, അശ്വിൻ എന്നിവർക്ക് വാളുകൾ ഉപയോഗിക്കാനും ഒന്ന്, രണ്ട്, അഞ്ച്, എട്ട് പ്രതികൾക്ക് ഇരുമ്പ് പൈപ്പുകൾ ഉപയോഗിക്കാനും നിർദേശം നൽകിയാണ് കൃത്യനിർവഹണത്തിനുള്ള മുന്നൊരുക്കം.
2. പുറപ്പാട്
അഞ്ചാം പ്രതി ഗിജിൻ, മൂന്നാം പ്രതി സുരേഷ്, എട്ടാം പ്രതി സുബീഷ് എന്നിവർ ഏച്ചിലടുക്കത്തുനിന്ന് വൈകീട്ട് 5.35ന് കെ.എൽ. 60ഇ 1881 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ കാറിൽ കൃത്യനിർവഹണ സ്ഥലത്തേക്ക് പുറപ്പെട്ടു. പുറപ്പെട്ട വഴിക്ക് ഏച്ചിലടുക്കം കൽവർട്ടിനടുത്ത് കാർ നിർത്തുകയും അഞ്ചാം പ്രതി ഗിജിന്റെ നിർദേശാനുസരണം, മൂന്നാം പ്രതി സുരേഷ് കൽവർട്ടിനടിയിൽനിന്ന് ഒരു വാൾ എടുക്കുകയും ചെയ്തു. അവർ കൂരാങ്കര കവുങ്ങിൻതോട്ടത്തിലേക്ക് പോയി. പീതാംബരൻ, സജി ജോർജ്, അനിൽകുമാർ, ശ്രീരാഗ്, അശ്വിൻ എന്നിവർ സജി ജോർജിന്റെ കെ.എൽ. 14 ജെ മഹീന്ദ്ര സൈലോ കാറിൽ കയറി ഏച്ചിലടുക്കത്തുള്ള പീതാംബരന്റെ ബിൽഡിങ്ങിൽ എത്തി. ഇരുമ്പ് പൈപ്പുകൾ എടുത്ത് സൈലോ വണ്ടിയിൽ വെച്ചു.
പോകുന്ന വഴിക്ക് നാലാം പ്രതി അനിൽ കുമാർ വീടിനു മുന്നിലിറങ്ങി ഒരു വാൾ കൊണ്ടുവന്ന് വണ്ടിയിൽ സൂക്ഷിച്ചു. ഈ വണ്ടിയും പിന്നാലെ 16ാം പ്രതി ശാസ്താ മധുവിന്റെ ടവേര വണ്ടിയും ഉൾപ്പെടെ വണ്ടികൾ ഒന്നിന് പിറകെ ഒന്നായി പോവുകയും 6.50ഓടെ കൂരാങ്കര കവുങ്ങിൻതോട്ടത്തിലെത്തുകയും ചെയ്തു. എല്ലാ പ്രതികളും കവുങ്ങിൻതോട്ടത്തിൽ ശരത് ലാലിന്റെ വീട്ടിലേക്കുള്ള കൂരാങ്കര റോഡിൽ കൃത്യം ഒന്നുകൂടി പ്ലാൻ ചെയ്തു.
ശാസ്താ മധു, റെജി വർഗീസ്, മുരളി, രാജു എന്നിവർ തങ്ങളുടെ വീട്ടിലേക്കുപോയി നിർദേശങ്ങൾക്ക് കാത്തിരിന്നു. ഹരിപ്രസാദ് പെരിയയിലേക്ക് പോയി. 10ാം പ്രതി രഞ്ജിത്ത് ഏഴുമണിക്ക് ശരത് ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങൾ അറിയുന്നതിന് ക്ഷേത്ര റോഡിൽ കാത്തിരുന്നു. 15ാം പ്രതി സുരേന്ദ്രൻ ശരത് ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങൾ കല്യോട്ട് സ്കൂൾ ഗേറ്റിൽ കാത്തിരുന്ന് വീക്ഷിച്ചു.
3. കൃത്യനിർവഹണം
രാത്രി 7.36ന് കൃപേഷ് ഓടിച്ച കെ.എൽ 60 ജി 7337 നമ്പർ മോട്ടോർ സൈക്കിളിൽ, ശരത് ലാലിനെ പിറകിലിരുത്തി കൂരാങ്കരയുള്ള ശരത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ശരത് ലാലും കൃപേഷും പുറപ്പെട്ട കാര്യം പ്രതി രഞ്ജിത്ത്, ശ്രീരാഗിനെ ഫോൺ വഴി അറിയിക്കുന്നു. പ്രതി സുരേന്ദ്രൻ പീതാംബരനെയും അറിയിച്ചു.
അതനുസരിച്ച് ഒന്നുമുതൽ എട്ടുവരെ പ്രതികൾ ശരത്തിന്റെ വീട്ടിലേക്ക് പോകുന്ന റോഡിന്റെ അടുത്ത് കാത്തിരുന്നു. ശരത് ലാലും കൃപേഷും ബൈക്കുമായി എത്തിയ ഉടനെ പ്രതികൾ റോഡിലേക്ക് ചാടിവീണു. ഇരുമ്പുവടികൊണ്ടും എർത്ത് പൈപ്പുകൊണ്ടും ബൈക്കിനെ അടിച്ചു നിർത്തി. നാലാം പ്രതി അനിൽകുമാർ വാൾകൊണ്ട് കൃപേഷിന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ബൈക്ക് വീഴുകയും ചെയ്തു.
തുടർന്ന് നാലാം പ്രതി അനിൽ കുമാർ, മൂന്നാം പ്രതി സുരേഷ്, ഏഴാം പ്രതി അശ്വിൻ എന്നിവർ വാൾ ശരത്തിനു നേരെ ആഞ്ഞുവീശി. മറ്റു പ്രതികൾ ഇരുമ്പ് പൈപ്പുകൾ ശരത്തിനെയും കൃപേഷിനെയും ആക്രമിക്കാൻ ഉപയോഗിച്ചു. സംഭവസ്ഥലത്തുനിന്ന് കൃപേഷ് തന്റെ വീടിന്റെ ഭാഗത്തേക്ക് പാറക്കൂട്ടങ്ങൾക്കിടയിലൂടെ 177 മീറ്റർ ഓടി.
ഒരു തോടിന്റെ കരയിൽ രക്തം വാർന്ന് വീണു. ആഴത്തിലുള്ള വെട്ടേറ്റ ശരത് ലാൽ ബൈക്കിനരികെ വീണു. അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇരുവരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.