കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല...
text_fieldsകാഞ്ഞങ്ങാട്: കേരളത്തെയാകെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒടുവിൽ കോടതി വിധി വന്നിരിക്കുന്നു. സി.പി.എമ്മിന്റെ ജില്ലാ നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പ്രതികളായ കേസിൽ, സി.ബി.ഐ. അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയി വാദിക്കുകയും ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. കേസിൽ സി.പി.എം ഓഫിസിലടക്കം പരിശോധന നടന്നു.
2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപവത്കരണം കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ആക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തലക്ക് വെട്ടേറ്റ ശരത് ലാൽ സംഭവസ്ഥലത്തും കൃപേഷ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
കൊലപാതകം നടന്ന് രണ്ടാംദിവസം തന്നെ സി.പി.എം നേതാവ് എ. പീതാംബരനും സജി ജോര്‍ജും പൊലീസിന്റെ പിടിയിലായിരുന്നു. സി.പി.എമ്മിനെതിരെ കടുത്ത പ്രതിഷേധമുയരുകയും ചെയ്തു. തുടർന്ന് വന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യു.ഡി.എഫ് പ്രധാനമായും ഉയർത്തിയത് പെരിയ ഇരട്ടക്കൊലയായിരുന്നു.
ദുർബലമായ തെളിവുകളും പ്രതികൾക്ക് സ്വാധീനിക്കാനാവുന്ന തരത്തിലുള്ള സാക്ഷികളേയും ഉൾപ്പെടുത്തിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നത്. സുപ്രീംകോടതി വരെയുള്ള നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം കേസില്‍ സി.ബി.ഐ അന്വേഷണം നേടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.