പെരിയ ഇരട്ടക്കൊല രാഷ്ട്രീയ കൊലപാതകം; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പെരിയ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. മുൻ എം.എൽ.എ കെ.വി.കുഞ്ഞാരാമൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം പീതാംബരനാണ് ഒന്നാം പ്രതി. സി.ബി.ഐ സ്പെഷൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസിൽ വ്യാഴാഴ്ച അറസ്റ്റിലായവരിൽ ഒരു പ്രതിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. 15ാം പ്രതി സുരേന്ദ്രൻ എന്ന വിഷ്ണുവിനാണ് (47) കുറ്റകൃത്യത്തിൽ പങ്കുള്ളതായി സ്ഥിരീകരിച്ചത്. ഒന്നാം പ്രതി പീതാംബരെൻറ അടുത്ത സുഹൃത്തും പ്രതികൾ ഉപയോഗിച്ച ജീപ്പിെൻറ ഡ്രൈവറുമായിരുന്നു ഇയാൾ.
2019 ജനുവരി അഞ്ചിന് സുരേന്ദ്രൻ പീതാംബരനൊപ്പം ആക്രമിക്കപ്പെട്ടിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ പങ്കെടുക്കാനുള്ള പ്രേരണ. കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും നീക്കങ്ങൾ നിരീക്ഷിച്ചത് സുരേന്ദ്രനാണ്. ഇവരുടെ നീക്കങ്ങൾ ഇയാൾ പീതാംബരനെ അപ്പപ്പോൾ ഫോണിൽ അറിയിച്ചു. ഇവർ ബൈക്കെടുത്ത് നീങ്ങിയ കാര്യവും അറിയിച്ചതുവഴി കുറ്റകൃത്യത്തിെൻറ ഗൂഢാലോചനയിലും കൊലയിലും നേരിട്ടു പങ്കാളിയായെന്നാണ് സി.ബി.ഐ ആരോപണം.
അഞ്ചും ഏഴും പ്രതികളായ ജിജിൻ, അശ്വിൻ എന്നിവരുടെ അടുത്ത ബന്ധുവും കുറ്റകൃത്യത്തിെൻറ ഗൂഢാലോചനയിൽ ആദ്യവസാനം പങ്കാളിത്തം വഹിച്ചയാളുമാണ് 16ാം പ്രതി മധു. കൊലയാളികൾക്ക് ഇരുമ്പുവടികൾ നൽകി സഹായിച്ചെന്ന ആരോപണമാണ് 17ാം പ്രതി റെജി വർഗീസിനെതിരെയുള്ളത്.
സി.പി.എം നിയന്ത്രണത്തിലുള്ള പെരിയ സൊസൈറ്റിയിൽ ക്ലർക്കായ 18ാം പ്രതി ഹരിപ്രസാദും ഗൂഢാലോചനയിൽ പങ്കാളിയാണ്. കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാൾ സ്വന്തം കാർ പ്രതികൾക്ക് നൽകിയെന്നും സി.ബി.ഐ പറയുന്നു.
സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായ പി. രാജേഷ് കുറ്റകൃത്യത്തിന് സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. പ്രതിചേർക്കപ്പെട്ട ഉദുമ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കം അഞ്ചുപേരുടെ പങ്കാളിത്തവും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, 14ാം പ്രതി മണികണ്ഠൻ എന്നിവർ ചേർന്നാണ് രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചതെന്നും സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.