പെരിയ ഇരട്ട കൊലക്കേസ്: രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു
text_fieldsകാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ രാഘവൻ വെളുത്തോളി, പാക്കം മുൻ ലോക്കൽ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവുമായ കുട്ടക്കരയിലെ കെ.വി. ഭാസ്കരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
കാസർകോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഒാഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. പ്രതികൾക്ക് സംരക്ഷണം നൽകുകയും തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സംഭവത്തിന് ശേഷം അക്രമിസംഘം പള്ളിക്കര പഞ്ചായത്തിലെ പാക്കം, വെളുത്തോളി പ്രദേശങ്ങളിലാണ് ആദ്യമെത്തിയത്. അവിടെവെച്ച് രക്തം പുരണ്ട വസ്ത്രം കത്തിച്ചു കളഞ്ഞു. തുടർന്ന് സംഘത്തിന് രക്ഷപ്പെടാൻ സുരക്ഷിത താവളമൊരുക്കിയത് ചോദ്യം ചെയ്യപ്പെട്ട നേതാക്കളുടെ നേതൃത്വത്തിലാണെന്ന് സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സി.പി.എം ഒാഫീസിലും വെളുത്തോളി ഭാഗത്തും സി.ബി.ഐ സംഘം പരിശോധന നടത്തിയിരുന്നു. കൊലക്കേസിൽ ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ള 14 പ്രതികളിൽ 11 പേർ റിമാൻഡിലാണ്. മൂന്നു പേർക്ക് ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.