പെരിയ കൊല; അടികിട്ടിയ വിധി
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എയെയും നേതാക്കളെയുമടക്കം ശിക്ഷിച്ചതോടെ, പാർട്ടിക്ക് പങ്കില്ലെന്ന പതിവ് പല്ലവി പൊളിയുന്നതിനൊപ്പം സി.പി.എം പ്രതിരോധങ്ങളുടെ മുനയും ഒടിയുകയാണ്. മുഖച്ഛായ നന്നാക്കി തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാകുന്ന ഘട്ടത്തിലാണ് മുഖത്തേറ്റ പ്രഹരമായി ശിക്ഷാവിധി മാറുന്നത്. നേതാക്കൾ കുറ്റക്കാരാണെന്ന് വന്നതോടെ, കൃത്യത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക വിഷയങ്ങളാണെന്നുമുള്ള ന്യായീകരണങ്ങളുടെയും മുനയൊടിയുന്നു. ജില്ല കമ്മിറ്റി അംഗം ഉൾപ്പെട്ടതുകൊണ്ടുതന്നെ പരസ്യമായി തള്ളി മുന്നോട്ടുപോകാനാവില്ല. ‘കേസ് അടഞ്ഞ അധ്യായമല്ലെന്നും ഇത് അവസാന വാക്കല്ലല്ലോ’ എന്നും നേതാക്കൾ പ്രതികരിച്ചതിനും കാരണമിതാണ്. സ്വാഭാവികമായും മേൽകോടതികളിലേക്ക് നിയമപോരാട്ടം നീളും.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കഴിഞ്ഞാൽ രാഷ്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത സംഭവമാണ് പെരിയ ഇരട്ടക്കൊല. സംഭവം രാഷ്ട്രീയമായി സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. കാസർകോട് എക്കാലവും സി.പി.എം സുരക്ഷിത മണ്ഡലമായി കരുതിയിരുന്നതാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെരിയ ഇരട്ടക്കൊല. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ കാസർകോട് കൈവിട്ടു. സ്വാഭാവിക ജനരോഷം മറ്റു മണ്ഡലങ്ങളിലും പ്രതിഫലിച്ചു. വലിയ മുന്നൊരുക്കത്തോടെ ശ്രമിച്ചെങ്കിലും 2024 ലും മണ്ഡലം തിരികെ പിടിക്കാനായില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമയിൽനിന്ന് ജയിക്കാനായി എന്നതാണ് ഏക ആശ്വാസം.
കേസിന്റെ നാൾവഴികളിൽ സർക്കാർ ഇടപെടലുകൾ ആരോപണങ്ങൾക്കും സംശയങ്ങൾക്കും ഇട നൽകിയിരുന്നു. സി.ബി.ഐ അന്വേഷണം തടയുന്നതിന് മുതിർന്ന അഭിഭാഷകരെ വരുത്തിയ ഇനത്തിൽ ഒരു കോടിയിലേറെ രൂപയാണ് സർക്കാർ ചെലവഴിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങുമ്പോൾ ഇത്തരമൊരു കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ എന്തിന് ഇത്ര തുക ചെലവഴിച്ചതെന്നത് ഉത്തരം കിട്ടാത്ത ചോദ്യം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനും സർക്കാറിനുമെതിരെ പ്രതിപക്ഷം വിഷയം ആയുധമാക്കും. രാഷ്ട്രീയമായി സി.പി.എമ്മിന് ഏറെ തിരിച്ചടിയുണ്ടാക്കിയ ഇരട്ടക്കൊലപാതകം ഇനിയും പാർട്ടിയെ വേട്ടയാടുമെന്ന് വ്യക്തം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരുന്നുണ്ട്. ഏഴിന് സംസ്ഥാനസമിതിയും. സംസ്ഥാന സമ്മേളനമാണ് മുഖ്യ അജണ്ടയെങ്കിയും പെരിയ വിശദ ചർച്ചക്ക് വിഷയമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.