പെരിയ ഇരട്ടക്കൊല; സി.പി.എം തന്ത്രങ്ങളെല്ലാം പാളി
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ പ്രതിചേർത്ത 10 പേരെ രക്ഷിക്കാനുള്ള സി.പി.എം തന്ത്രമാണ് വിധിയിലൂടെ പാളിയത്. പാർട്ടി തള്ളിയ കൊലക്കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷകൂടിയായി ഇരട്ടക്കൊല കേസ് സി.പി.എമ്മിന്. അതുവഴി പാർട്ടിക്കകത്ത് സി.പി.എം നേതൃത്വം നേരിടുന്ന പ്രതിസന്ധി ചെറുതല്ല. ഇടത് സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിൽ 14 പ്രതികളാണുണ്ടായിരുന്നത്. പ്രതികൾക്കുവേണ്ടിയുള്ള സാക്ഷികളെ കുത്തിനിറച്ച ക്രൈംബ്രാഞ്ച് കുറ്റപത്രം ഹൈകോടതി തള്ളി, അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സുപ്രീംകോടതി ശരിവെച്ചതോടെ സി.പി.എമ്മിൽ ആരംഭിച്ച ആധിയാണ് ഇപ്പോൾ ശിക്ഷവിധിയോടെ പരിസമാപ്തിയിലെത്തിയത്.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ കെ. മണികണ്ഠൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, വിഷ്ണുസുര എന്നിവർക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്തിയതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിച്ചു. അതോടെ പെരിയ കേസിൽ പ്രതികളെ രക്ഷിക്കാൻ സി.പി.എം വിനിയോഗിച്ച മുഴുവൻ ഊർജവും പാഴാകുകയായിരുന്നു.
സി.ബി.ഐ പ്രതിപ്പട്ടികയിൽ ചേർത്ത പത്തുപേരെയെങ്കിലും രക്ഷിക്കാൻ അവസാനംവരെ ശ്രമിച്ചു. അതിന്റെ ആദ്യപടിയെന്നോണം കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച, എക്കാലത്തും കോൺഗ്രസിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്ത അഡ്വ. സി.കെ. ശ്രീധരനെ മറുകണ്ടം ചാടിച്ചു. കെ. സുധാകരനുമായി ഇടഞ്ഞുനിന്ന സി.കെ. ശ്രീധരന്റെ ആത്മകഥ പ്രകാശിപ്പിച്ചുകൊണ്ടാണ് സി.പി.എം അടവ് പയറ്റിയത്. ഇതിനായി മാത്രം മുഖ്യമന്ത്രി വിമാനമാർഗം എത്തിയതും പെരിയ കേസ് മുന്നിൽകണ്ടായിരുന്നു. സി.കെ. ശ്രീധരന് ഈ 10 പേരുടെ രക്ഷാദൗത്യം മാത്രമാണ് മുഖ്യമായും ഉണ്ടായിരുന്നത്. എന്നാൽ, ആ 10 പേരിലെ പ്രധാനികളെപ്പോലും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുകയാണിപ്പോൾ. കെ.വി. കുഞ്ഞിരാമനും കെ. മണികണ്ഠനും ജാമ്യം ലഭിക്കുന്ന ശിക്ഷയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ ഒരു പരിധിവരെ ആശ്വാസമാകുമായിരുന്നു. എന്നാൽ, മുൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മുൻ ഏരിയ സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരൊക്കെ ജയിലിലേക്ക് നടന്നുകയറിയത് സി.പി.എമ്മിൽ ഉണ്ടാക്കാനിരിക്കുന്ന സംഘർഷങ്ങൾ ചെറുതല്ല. ആത്മവിശ്വാസം നൽകിയ അഡ്വ. സി.കെ. ശ്രീധരനും തന്റെ നിയമ ജീവിതത്തിൽ നാണക്കേടിന്റെ അധ്യായമായി ഈ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.