പെരിയ ഇരട്ടക്കൊല; പൊലീസ് പിഴവിൽ സി.ബി.ഐ വഴിവെട്ടി
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ പൊലീസ് പിഴവിൽനിന്നാണ് സി.പി.എം നേതാക്കളിലേക്ക് സി.ബി.ഐ വഴിവെട്ടിയതും ഒടുവിൽ, ശിക്ഷയുറപ്പാക്കിയതും. ഇതോടെ, ഇരട്ടക്കൊലയിലെ ഇരട്ട ജീവപര്യന്തം സി.പി.എമ്മിന് ഇരട്ടപ്രഹരമായി. സി.ബി.ഐ പ്രത്യേക കോടതിയുടെ ശിക്ഷവിധിയാണ് സി.പി.എമ്മിനും പ്രതികൾക്കും ഇനി തലവേദനയായി മാറുക. ജനപ്രതിനിധികളെയടക്കം പ്രതികളായി ജയിലിലേക്കയക്കാൻ സി.ബി.ഐക്ക് കഴിഞ്ഞതുതന്നെ ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അനാസ്ഥ വ്യക്തമാക്കുന്നുണ്ട്. പിന്നിലാരെന്ന് കണ്ടെത്താനുള്ള ഓട്ടത്തിനിടയിൽ ഇരട്ടക്കൊല നടന്നതിന്റെ പിറ്റേദിവസം രാത്രി ബേക്കൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിക്കാട്ടിൽ അനവസരത്തിൽ ഒരു കാർ കണ്ട് അതിൽനിന്നാണ് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ജീപ്പിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നതിനാണ് ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളായ ഉദുമയിലെ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനും രാഘവൻ വെളുത്തോളിയും കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയത്.
തൊട്ടടുത്തദിവസമാണ് ഒന്നാം പ്രതിയായ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ സജി സി. ജോർജും പിടിയിലായി. അപ്പോഴാണ് തങ്ങൾ കുറ്റിക്കാട്ടിൽ കാറിൽനിന്ന് പിടിച്ചയാൾതന്നെയാണിതെന്നു പൊലീസ് അറിഞ്ഞത്. പക്ഷേ, സജി സി. ജോർജിനെ പിടിച്ചതും വിളിച്ചിറക്കിക്കൊണ്ടുപോയ സംഭവവും ബേക്കൽ പൊലീസിന്റെ ഒരു ബുക്കിലുമില്ല.
പ്രതിഭാഗത്തിന് കോടതിയിൽ കച്ചിത്തുരുമ്പായതും ഇതുതന്നെ. ഈ സംഭവത്തിൽ എഫ്.ഐ.ആർ ഇടാനോ കൂടുതൽ അന്വേഷണത്തിനോ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മിനക്കെട്ടില്ല. എന്നാൽ, സജി സി. ജോർജിനെ ബലമായി കൊണ്ടുപോയത് രാത്രി 11.30നാണെന്ന് എസ്.ഐയും എ.എസ്.ഐയും കോടതിയിൽ പറഞ്ഞിരുന്നു. അതേസമയം, മറ്റൊരു കേസിൽ സ്റ്റേഷനിൽനിന്ന് മൊഴി രേഖപ്പെടുത്തി പേരെഴുതി ഒപ്പിട്ടത് എ.എസ്.ഐയാണ്. അതും 11.30ന്. ഒരേസമയം എ.എസ്.ഐ രണ്ടുസ്ഥലത്തുമുണ്ടായത് പ്രതികൾക്ക് വാദത്തിനിടെ തുണയായെങ്കിലും പ്രതികളെ മോചിപ്പിക്കുന്നതിന് സാക്ഷിയായ ഒരു മാധ്യമപ്രവർത്തകന്റെ മൊഴി പ്രോസിക്യൂഷൻ വാദം ബലപ്പെടുത്തി. ഇരട്ടക്കൊലയിൽ സി.പി.എമ്മിന്റെ പ്രധാന നേതാക്കളെ പ്രതികളാക്കിയ സി.ബി.ഐ, പൊലീസ് ഒളിപ്പിച്ച പലതും പൊക്കിയെടുത്ത് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.