‘ധീരസഖാവേ ലാൽസലാം, മുന്നോട്ടിനിയും മുന്നോട്ട്...’: പെരിയ ഇരട്ടക്കൊല കുറ്റവാളികൾക്ക് ജയിലിൽ സി.പി.എം പ്രവർത്തകരുടെ വൻ സ്വീകരണം
text_fieldsകണ്ണൂർ: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകരായ കുറ്റവാളികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി പ്രവർത്തകരുടെ വൻസ്വീകരണം. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ഒമ്പതുപേരെയാണ് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. വിയ്യൂർ ജയിലിൽനിന്നാണ് ഇവരുടെ അപേക്ഷ പരിഗണിച്ച് കണ്ണൂരിലേക്ക് മാറ്റിയത്.
‘‘ധീരസഖാവേ ലാൽസലാം, പിന്നോട്ടില്ല പിന്നോട്ടില്ല, മുന്നോട്ടിനിയും മുന്നോട്ട്, ധീരസഖാവേ മുന്നോട്ട്, ആയിരമായിരം അഭിവാദ്യങ്ങൾ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ഇൻക്വിലാബ് സിന്ദാബാദ്, ലാൽസലാം ലാൽസലാം, ജയിലറ കണ്ട് വിറക്കട്ടെ, ഇൻക്വിലാബ് മുഴങ്ങട്ടെ, ഇനിയുമുറക്കെ മുഴങ്ങട്ടെ...’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകളടക്കമുള്ള പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിൽ കുറ്റവാളികളെ സ്വീകരിച്ചത്.
ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് ഞായറാഴ്ച വൈകീട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് പിന്തുണയുമായി സി.പി.എം നേതാവ് പി. ജയരാജന്‍ ജയിലിന് മുന്നിലെത്തി. പ്രതികളെ എത്തിക്കുന്നതിന് 10 മിനിറ്റു മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജന്‍ ജയിലിന് മുന്നിലെത്തിയത്. കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ചു സഖാക്കളെ കണ്ടുവെന്ന് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട. പ്രതികളെ സന്ദര്‍ശിച്ചു. ‘കേരളം-മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന തന്റെ പുസ്തകം കൈമാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമസംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല’ -അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.
10 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലു പ്രതികളെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി, ടി. രഞ്ജിത്ത്, എ. സുരേന്ദ്രൻ എന്നിവരാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.