‘കേരളമേ നിങ്ങളിത് കാണുന്നുണ്ടോ? കൊലക്കുറ്റത്തിന് ശിക്ഷയനുഭവിക്കാൻ പോകുന്നവർക്കാണ് ഈ പിന്തുണ’
text_fieldsകണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ ഒമ്പത് കുറ്റവാളികൾക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സ്വീകരണം നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വിദ്യാർത്ഥിനികളടക്കം സ്ത്രീകളും പുരുഷന്മാരുമായി പല പ്രായത്തിലുള്ളവർ ഒരുപറ്റം ക്രിമിനലുകൾക്ക് നൽകുന്ന അഭിവാദനങ്ങളുടെ കാഴ്ചകളാണിതെന്ന് പറഞ്ഞ് സ്വീകരണത്തിന്റെ ദൃശ്യം ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അക്രമത്തെ ഇങ്ങനെ പരസ്യമായി പിന്തുണക്കുന്ന, ഗ്ലോറിഫൈ ചെയ്യുന്ന ഒരാൾക്കൂട്ടത്തിനിടയിൽ "ഞങ്ങൾക്ക് ജീവിക്കാൻ ഭയം തോന്നുന്നു" എന്ന് ഏതെങ്കിലും സാംസ്കാരിക നായകനോ സ്വതന്ത്ര മാധ്യമപ്രവർത്തകനോ ഇതുവരെ പറയാൻ തോന്നിയിട്ടുണ്ടോ? പറയാൻ ധൈര്യമുണ്ടായിട്ടുണ്ടോ? -ബൽറാം ചോദിച്ചു.
‘കുറ്റവിമുക്തരായി ജയിലിൽ നിന്ന് പുറത്തു വരുന്നവർക്കല്ല, കൊലക്കുറ്റം ചെയ്തതിന് ശിക്ഷയനുഭവിക്കാൻ പോകുന്നവർക്കാണ് ഈ പിന്തുണ. കൊലപാതകികൾക്കായി മുദ്രാവാക്യം വിളിക്കുന്ന, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന, ഇതേ പാർട്ടിയുടെ ഇതേ ആൾക്കൂട്ടം ഇത് കഴിഞ്ഞാൽ നേരെ സ്ക്കൂൾ വാർഷികത്തിലും ലൈബ്രറികളുടെയും ക്ലബുകളുടേയും സാംസ്കാരിക സദസ്സിലുമൊക്കെ മുഖ്യ പ്രഭാഷകരായി കടന്നുവരും. ജനാധിപത്യത്തേക്കുറിച്ചും ഭരണഘടനയേക്കുറിച്ചും ഫാഷിസ്റ്റ് വിരുദ്ധതയേക്കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കും. കലയേക്കുറിച്ചും സംഗീതത്തേക്കുറിച്ചും സിനിമയേക്കുറിച്ചുമൊക്കെ ഗംഭീരമായ വിശകലനങ്ങൾ നടത്തും. തങ്ങളുടെ പാർട്ടിയിൽപ്പെട്ടവരല്ലാത്ത മറ്റെല്ലാവരേയും അറിവും വായനയുമില്ലാത്തവരായി പുച്ഛിക്കും. മാധ്യമങ്ങളേയും വിമർശകരേയും പരിഹസിക്കും. സാന്ത്വന പ്രവർത്തകരായും ചേർത്തുപിടിക്കലുകാരായും സ്വയം നിറഞ്ഞാടും. വീണ്ടും അടുത്ത റൗണ്ട് കൊലപാതകികൾക്ക് സ്തുതിപാടാനായി കാത്തിരിക്കും.’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ഒമ്പതുപേരെയാണ് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് ഞായറാഴ്ച വൈകീട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍മാറ്റം.
അതേസമയം, പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് പിന്തുണയുമായി സി.പി.എം നേതാവ് പി. ജയരാജന്‍ ജയിലിന് മുന്നിലെത്തി. പ്രതികളെ എത്തിക്കുന്നതിന് 10 മിനിറ്റു മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജന്‍ ജയിലിന് മുന്നിലെത്തിയത്. കൂടാതെ മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യവുമായി സി.പി.എം പ്രവര്‍ത്തകരും ജയിലിനു മുന്നിലെത്തി. കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ചു സഖാക്കളെ കണ്ടുവെന്ന് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട. പ്രതികളെ സന്ദര്‍ശിച്ചു. ‘കേരളം-മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന തന്റെ പുസ്തകം കൈമാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമസംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല’ -അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലു പ്രതികളെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി, ടി. രഞ്ജിത്ത്, എ. സുരേന്ദ്രൻ എന്നിവരാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.
കുറിപ്പിന്റെ പൂർണരൂപം:
കേരളമേ നിങ്ങളിത് കാണുന്നുണ്ടോ?
ക്രൂരമായ ഒരു ഇരട്ടക്കൊലപാതകക്കേസിൽ ഇന്നാട്ടിലെ നീതിപീഠം തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തി കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിച്ച ഒരുപറ്റം ക്രിമിനലുകൾക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ നൽകുന്ന അഭിവാദനങ്ങളുടെ കാഴ്ചകളാണ്. വിദ്യാർത്ഥിനികളടക്കം സ്ത്രീകളും പുരുഷന്മാരുമായി പല പ്രായത്തിലുള്ളവരെ കാണാം അക്കൂട്ടത്തിൽ. കുറ്റവിമുക്തരായി ജയിലിൽ നിന്ന് പുറത്തു വരുന്നവർക്കല്ല, കൊലക്കുറ്റം ചെയ്തതിന് ശിക്ഷയനുഭവിക്കാൻ പോകുന്നവർക്കാണ് ഈ പിന്തുണ.
കൊലപാതകികൾക്കായി മുദ്രാവാക്യം വിളിക്കുന്ന, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന, ഇതേ പാർട്ടിയുടെ ഇതേ ആൾക്കൂട്ടം ഇത് കഴിഞ്ഞാൽ നേരെ സ്ക്കൂൾ വാർഷികത്തിലും ലൈബ്രറികളുടെയും ക്ലബുകളുടേയും സാംസ്കാരിക സദസ്സിലുമൊക്കെ മുഖ്യ പ്രഭാഷകരായി കടന്നുവരും. ജനാധിപത്യത്തേക്കുറിച്ചും ഭരണഘടനയേക്കുറിച്ചും ഫാഷിസ്റ്റ് വിരുദ്ധതയേക്കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കും. കലയേക്കുറിച്ചും സംഗീതത്തേക്കുറിച്ചും സിനിമയേക്കുറിച്ചുമൊക്കെ ഗംഭീരമായ വിശകലനങ്ങൾ നടത്തും.
തങ്ങളുടെ പാർട്ടിയിൽപ്പെട്ടവരല്ലാത്ത മറ്റെല്ലാവരേയും അറിവും വായനയുമില്ലാത്തവരായി പുച്ഛിക്കും. മാധ്യമങ്ങളേയും വിമർശകരേയും പരിഹസിക്കും. സാന്ത്വന പ്രവർത്തകരായും ചേർത്തുപിടിക്കലുകാരായും സ്വയം നിറഞ്ഞാടും. വീണ്ടും അടുത്ത റൗണ്ട് കൊലപാതകികൾക്ക് സ്തുതിപാടാനായി കാത്തിരിക്കും.
അക്രമത്തെ ഇങ്ങനെ പരസ്യമായി പിന്തുണക്കുന്ന, ഗ്ലോറിഫൈ ചെയ്യുന്ന ഒരാൾക്കൂട്ടത്തിനിടയിൽ "ഞങ്ങൾക്ക് ജീവിക്കാൻ ഭയം തോന്നുന്നു" എന്ന് ഏതെങ്കിലും സാംസ്കാരിക നായകനോ സ്വതന്ത്ര മാധ്യമപ്രവർത്തകനോ ഇതുവരെ പറയാൻ തോന്നിയിട്ടുണ്ടോ? പറയാൻ ധൈര്യമുണ്ടായിട്ടുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.