കണ്ണീരിൽ കുതിർന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരം
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചപ്പോൾ, കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും അന്തിയുറങ്ങുന്ന കല്യോട്ട് കൂരാങ്കര റോഡിലെ സ്മൃതികുടീരം കണ്ണീരിൽ കുതിർന്നു. ആറുവർഷമായി കൊണ്ടുനടക്കുന്ന രോഷത്തിന്റെയും ദുഃഖത്തിന്റെയും ഭാരം അവർക്കു ചുറ്റും പെയ്തമർന്നു. പെരുവഴിയിൽ കാത്തിരുന്ന് അറുകൊല നടത്തിയവർക്ക് വധശിക്ഷ വാങ്ങി നൽകുമെന്നായിരുന്നു വാക്ക് എങ്കിലും പ്രതികളുടെ ജീവിതം ഇരുട്ടറയിലേക്ക് തള്ളുന്ന ഇരട്ട ജീവപര്യന്തം പ്രഖ്യാപിച്ചപ്പോൾ അവർക്ക് കൊടുത്ത വാക്ക് ഒരുപരിധിവരെ പാലിച്ചതോർത്ത് കുടുംബാംഗങ്ങളും സഹപ്രവർത്തകരും കണ്ണീരണിഞ്ഞു.
കൃപേഷിന്റെ അമ്മ ബാലാമണിയുടെ കരച്ചിൽ നിലവിളിയായി. അവരുടെ സഹോദരി തമ്പായി ബോധരഹിതയായി. സ്മൃതികുടീരത്തിലെത്തിയ എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ജെബി മേത്തർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസൽ, യു.ഡി.എഫ് ചെയർമാൻ എ. ഗോവിന്ദൻ നായർ എന്നിവർ പാർട്ടി പ്രവർത്തകരെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും നിയന്ത്രിക്കാൻ പാടുപെട്ടു. ‘പൊന്നുമക്കളേ അവർക്ക് കിട്ടി...’യെന്ന് പറഞ്ഞുകൊണ്ട് കുടീരത്തിൽ മുഖമമർത്തി കൃപേഷിന്റെ അമ്മ ബാലാമണിയും സഹോദരി കൃപയും വിലപിച്ചു. കോൺഗ്രസ് പ്രവർത്തകർ കൃപേഷിനും ശരത് ലാലിനും അമരഗീതം മുഴക്കി: ‘‘ഇല്ല നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...’’
കൃപ പറഞ്ഞു: ‘‘അവർക്ക് ഈ ശിക്ഷ പോരാ, വധശിക്ഷതന്നെ ലഭിക്കണം. എട്ടുപേർക്ക് അതു കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അവർ പുറത്തുവന്നാൽ ഈ കുറ്റകൃത്യം വീണ്ടും ചെയ്യും.’’
ശിക്ഷവിധി കേൾക്കാൻ കൃപേഷിന്റെ പിതാവ് കൃഷ്ണൻ, സഹോദരി കൃഷ്ണപ്രിയ, ശരത് ലാലിന്റെ അമ്മ ലത, സഹോദരി അമൃത എന്നിവർ കൊച്ചിയിലായിരുന്നു. രാവിലെ 11നായിരുന്നു ശിക്ഷവിധി നിശ്ചയിച്ചത്. പിന്നിട് 12.15ലേക്ക് മാറ്റി. കല്യോട്ട് സ്മൃതികുടീരത്തിൽ അവർ വിധികേൾക്കാൻ അവിടെ കാത്തിരുന്നു. എല്ലാത്തിനും ഒടുവിൽ കോൺഗ്രസ് പ്രവർത്തകർ അമരഗീതം ആലപിച്ച് സ്മൃതികുടീരം ഒഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.