പെരിയ ഇരട്ടക്കൊല: പ്രതികൾ ആവശ്യപ്പെട്ടത് കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന്
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി പറഞ്ഞ ഇന്ന്, പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടത് കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന്. ശിക്ഷ വിധിക്കും മുമ്പുള്ള വാദത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുംബത്തെ നോക്കാൻ ആരുമില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.
കൃപേഷിനെയും ശരത് ലാലിനെയും കൊല ചെയ്തത് പ്രഫഷനൽ രീതിയിലാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളുടെ ക്രൂരകൃത്യത്തിലൂടെ രണ്ട് യുവാക്കളുടെ ജീവിതം ഇല്ലാതായി. കൃത്യമായ ഗൃഹപാഠം നടത്തിയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നും കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാൽ പ്രതികൾ ഒരു കരുണക്കും അർഹമല്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
ഇരുഭാഗം വാദവും പൂർത്തിയാക്കിയശേഷം കേസ് വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ ഉൾപ്പെടില്ലെന്ന് കോടതി വിലയിരുത്തി. ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾക്കുപോലും വധശിക്ഷ വിധിച്ചിട്ടില്ലെന്നും മുൻ കോടതി വിധികൾ പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് 10 പ്രതികൾക്ക് ജീവപര്യന്തം തടവും നാലുപേർക്ക് അഞ്ചുവർഷം വീതം കഠിന തടവും വിധിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച കേസിൽ 20 മാസത്തോളം നീണ്ട വിചാരണ നടപടികളാണ് വെള്ളിയാഴ്ച ശിക്ഷാവിധിയോടെ അവസാനിച്ചത്. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ കോടതി പ്രത്യേക ഉത്തരവിറക്കും. അതേസമയം, ഉപയോഗിക്കാനാവാത്ത തൊണ്ടിമുതലുകൾ നശിപ്പിച്ചുകളയാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.