വിദ്യാർഥികളെ മർദിക്കുന്നതിൽ പ്രശ്നം ഉടലെടുത്തു, ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഗൂഢാലോചന....
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ഗൂഢാലോചന നടന്നത് പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ തന്നെയെന്നാണ് കോടതി വിധിയിൽ വ്യക്തമാകുന്നത്. ഉന്നത ഗൂഢാലോചനയെന്ന കോൺഗ്രസ് വാദം വിധി ശരിവെക്കുന്നില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ തന്നെയാണ് കൊലയും ആസൂത്രണം ചെയ്തത് എന്നാണ് കുറ്റാരോപണത്തിൽനിന്ന് വ്യക്തമാകുന്നത്.
ഉന്നത നേതാക്കളായ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനും ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠനും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയത് പ്രതികളെ രക്ഷപ്പെടുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനും മറ്റുമാണ്. ഇത് സംഭവിക്കുന്നത് കൃത്യത്തിനു ശേഷമാണ്.
കല്യോട്ട് ഒതുങ്ങിനിന്ന പ്രാദേശിക പ്രശ്നങ്ങൾ തന്നെയാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചത്. പ്രതികളായ പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽ കുമാർ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, പ്രദീപ്, സുരേന്ദ്രൻ, ശാസ്ത മധു, റജി വർഗ്ഗീസ്, ഹരിപ്രസാദ്, രാജേഷ് എന്നിവർ 2019 ഫെബ്രുവരി 14ന് പെരിയ കല്യോട്ട് ഏച്ചിലടുക്കം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽവെച്ച് പദ്ധതി ആസൂത്രണം ചെയ്തുവെന്ന് പ്രെസിക്യൂഷൻ പറയുന്നു.
മുന്നാട് പീപ്പിൾസ് കോളേജിലെ കെ.എസ്.യു വിദ്യാർഥികളെ എസ്.എഫ്.ഐ വിദ്യാർഥികൾ നിരന്തരം മർദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഇതിനു മറുപടിയെന്നോണം കോളജ് ബസ് കല്യോട്ട് ടൗണിൽ വെച്ച് 2019 ജനുവരി അഞ്ചിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഈ സംഘർഷത്തിൽ ഒന്നാം പ്രതി പീതാംബരനും 15ാം പ്രതി സുരേന്ദ്രനും പരിക്കുപറ്റിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലും, ശരത് ലാലിൻ്റെയും കൃപേഷിന്റെയും ജനകീയതയിൽ കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ സി.പി.എം ശക്തികേന്ദ്രങ്ങൾ ഇളകും എന്ന ഭയത്തിലുമാണ് ദാരുണമായ കൊലപാതകം നടന്നത് എന്നാണ് വാദം.
2019 ഫെബ്രുവരി 14ന് നടന്ന ഗൂഢാലോചനയിൽ ശരത്തിനെയും കൃപേഷിനേയും കൊലചെയ്യാൻ തീരുമാനിച്ചു. 17ന് വൈകിട്ട് സമയം തെരഞ്ഞെടുത്തു. 712 വർഷങ്ങൾക്ക് ശേഷം നടക്കുന്നുവെന്ന് വിശ്വസിക്കുന്ന കല്യോട്ട് ഭഗവതി ക്ഷേത്ര പെരുംങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപവത്കരണ യോഗത്തിനു പിന്നാലെ കൊലക്കുളള ദിവസം നിശ്ചയിച്ചു. ശരത്ലാലിൻ്റെ വീട്ടിലേക്ക് പോന്ന വഴിയിൽ, അഞ്ചാം പ്രതി ഗിജിന്റെ വീടിന്റെ അടുത്തുള്ള കല്യോട്ട് - തന്നിത്തോട് റോഡിൽ നിന്നും കൂരാങ്കര റോഡിന്റെ അടുത്തുള്ള വിജനമായ കവുങ്ങിൻതോട്ടം കൃത്യം നിർവഹിക്കുന്നതിനുള്ള സ്ഥലമായും തീരുമാനിക്കപ്പെട്ടുവെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.