പെരിയ ഇരട്ടക്കൊല; വിധി സി.പി.എമ്മിന് തിരിച്ചടിയല്ലെന്ന് പി. രാജീവ്
text_fieldsകൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സി.പി.എമ്മിന് തിരിച്ചടിയല്ലെന്ന് മന്ത്രി പി രാജീവ്. കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരും പ്രതികളാണ്. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.
പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലനും പ്രതികരിച്ചിരുന്നു. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല നടന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കാസർകോട് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ രാഷ്ട്രീയവൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. 14 പ്രതികൾ കുറ്റക്കാരെന്നാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകം ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.
വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.