ആത്മഹത്യ മുനമ്പായി പെരിയാർ പാലങ്ങൾ; നടപടി എടുക്കാതെ അധികൃതർ
text_fieldsആലുവ: ആത്മഹത്യ മുനമ്പായി പെരിയാർ പുഴയ്ക്ക് കുറുകെയുള്ള പാലങ്ങൾ. ആലുവയിലെ രണ്ട് പാലങ്ങളിൽനിന്നും പുഴയിലേക്ക് ചാടുന്നവരുടെ എണ്ണം കൂടിവരികയാണ്. ആത്മഹത്യ ചെയ്യുന്നതിനുള്ള കേന്ദ്രമായി പാലങ്ങൾ മാറിയതിൽ നഗരവാസികളും ആശങ്കയിലാണ്. പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർക്കും തലവേദനയായിട്ടുണ്ട്. ആഴമേറിയ ഈ ഭാഗത്ത് രക്ഷാപ്രവർത്തനം ഏറെ വിഷമകരമാണ്.
ദേശീയപാതയിൽ ആലുവ മാർത്താണ്ഡ വർമ പാലവും കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലവുമാണ് ആത്മഹത്യ ശ്രമവുമായി വരുന്നവർ തിരഞ്ഞെടുക്കുന്നത്. ആത്മഹത്യ ശ്രമം തടയുന്നതിനായി പാലത്തിൻറെ കൈവരികൾക്ക് മുകളിൽ നെറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായി. സമീപകാലത്തായി ഈ ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല.
നടപ്പാലം വന്നതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് പുഴയിൽ ചാടി മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പും പാലങ്ങളുമായി വലിയ അന്തരമുണ്ട്. ഈ ഭാഗങ്ങളിൽ പുഴക്ക് ആഴം കൂടുതലാണ്. പലപ്പോഴും ഇവിടെ അടിയൊഴുക്കും ശക്തമായിരിക്കും. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കും.
മക്കളെ പെരിയാറിൽ എറിഞ്ഞ് മാതാപിതാക്കളും ജീവനൊടുക്കുന്ന സംഭവങ്ങൾ ആലുവയിൽ പലതവണ ആവർത്തിച്ചു. കഴിഞ്ഞ സെപ്തംബർ 26നാണ് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പെരിയാറിൽ ചാടി ചെങ്ങമനാട് പുതുവാശേരി സ്വദേശി ആത്മഹത്യ ചെയ്തത്. ആറുവയസുകാരിയായ സ്വന്തം മകളെയും പെരിയാറിലേക്ക് എറിഞ്ഞ ശേഷമായിരുന്നു ഇത്.
കഴിഞ്ഞ ജൂൺ നാലിനും സമാനമായ സംഭവമുണ്ടായി. രണ്ട് കുട്ടികളെ പുഴയിലെറിഞ്ഞ ശേഷം പാലാരിവട്ടം സ്വദേശിയായ പിതാവ് മരിച്ചു. തിങ്കളാഴ്ച്ച മണപ്പുറം നടപ്പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ച്ച മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും നടപ്പാലത്തിൽ നിന്നും ഓരോരുത്തർ വീതം ചാടി ആത്മഹത്യ ചെയ്തിരുന്നു. ഈ വർഷം മാത്രം 18 ഓളം പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.
ഓരോ ദുരന്തമുണ്ടാകുമ്പോഴും ആത്മഹത്യ ഒഴിവാക്കാൻ സംരക്ഷണ നെറ്റ് സ്ഥാപിക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്ന് ജനപ്രതിനിധികളടക്കം പറയാറുണ്ട്. എന്നാൽ, ഇതുവരെ അതിനുള്ള നടപടികൾ ആരും സ്വീകരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മനോവിഷമം നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അടുപ്പമുള്ളവരുമായി വിഷയങ്ങൾ പങ്കുവെക്കുക. അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.