പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം; സ്ഥലംമാറ്റിയത് എൻവയോൺമെന്‍റൽ എൻജിനീയറെ
text_fieldsഎറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം. ഏലൂരിലെ എൻവയോൺമെന്‍റൽ എൻജിനീയർ സതീഷ് ജോയിയെയാണ് സ്ഥലംമാറ്റിയത്. ഏലൂരിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്. പെരുമ്പാവൂർ റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എൻജിനീയർ എം.എ. ഷിജുവിനെയാണ് പകരം നിയമിച്ചിട്ടുള്ളത്.
അതേസമയം, സ്ഥലംമാറ്റത്തിന് പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധമില്ലെന്നും വ്യവസായ മന്ത്രി പി. രാജീവ് വിളിച്ച യോഗത്തിൽ സീനിയർ ഉദ്യോഗസ്ഥനെ നിയമിക്കാൻ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നുമാണ് ഔദ്യോഗിക വിശദീകരണം.
പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ല കലക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം. പാതാളം ബണ്ട് തുറന്നപ്പോഴുണ്ടായ ഓക്‌സിജന്റെ കുറവിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.
മത്സ്യക്കുരുതിക്ക് കാരണം മാലിന്യച്ചാൽ ആണെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിട്ടുള്ളത്. അതോടൊപ്പം ഫിഷറീസ് വകുപ്പിന്‍റെ റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. മത്സ്യ കർഷകർക്കുള്ള നഷ്ടപരിഹാരത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.