മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോർഡിന്റേത് ഗുരുതര വീഴ്ച
text_fieldsകൊച്ചി: പെരിയാറിൽ സമീപകാലത്തെ ഏറ്റവും വലിയ മത്സ്യക്കുരുതിക്ക് വഴിവെച്ചത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) അനാസ്ഥയെന്ന് വിമർശനം. ബോർഡിന്റെ കൃത്യമായ നിരീക്ഷണവും തുടർ നടപടികളുമുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തത്തിനാണ് പെരിയാർ സാക്ഷ്യം വഹിച്ചതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വെള്ളത്തിൽ രാസമാലിന്യം കലർന്നോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മഴ മാത്രമല്ല മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ മഴ മൂലം തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജന്റെ അളവ് പെട്ടെന്ന് താഴ്ന്നതാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് ബോർഡിന്റെ പ്രാഥമിക വിശദീകരണം. പെരിയാറിന്റെ പല ഭാഗങ്ങളിലായി ഇടക്കിടെ മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. ശക്തമായ മഴയെക്കുറിച്ച മുന്നറിയിപ്പ് വന്നാൽ എടയാർ വ്യവസായ മേഖലയിലെ കമ്പനികൾ പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നത് പതിവാണ്. പ്രതീക്ഷിച്ചപോലെ മഴ ലഭിച്ചാൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കാതെ മാലിന്യം ഒഴുകിപ്പോകും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ അതിതീവ്ര മഴ പ്രവചിച്ചതിന് പിന്നാലെ കമ്പനികൾ പതിവുപോലെ പെരിയാറിലേക്ക് രാസമാലിന്യം വൻതോതിൽ ഒഴുക്കിയതായി സംശയിക്കുന്നു. എന്നാൽ, പ്രതീക്ഷിച്ച മഴയുണ്ടായില്ല. രാസമാലിന്യത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്കിൽ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ ചത്തതായാണ് സംശയിക്കുന്നത്.
മൺസൂൺ തുടക്കത്തിൽ കമ്പനികൾ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കാനുള്ള സാധ്യത പി.സി.ബി അധികൃതർക്ക് അറിയാവുന്നതാണ്. ഇത് മുൻകൂട്ടി കണ്ട് കമ്പനികളുടെ മാലിന്യക്കുഴലുകൾ പെരിയാറിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്കാണ് തുറന്നുവെച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും അവിടങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നെങ്കിൽ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നുവെന്ന് കേരള മത്സ്യ, സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) അക്വാട്ടിക് എൻവയൺമെന്റ് മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ. അനു ഗോപിനാഥ് പറയുന്നു.
പല കമ്പനികളും മാലിന്യക്കുഴലുകൾ പുറമെനിന്ന് കാണാനാവാത്തവിധം പെരിയാറിന്റെ അടിത്തട്ടിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിലെ ജലത്തിന്റെ മുൻ മാസങ്ങളിലെ ഗുണനിലവാരം സംബന്ധിച്ച് പി.സി.ബിയുടെ കൈവശം കൃത്യമായ റിപ്പോർട്ടുണ്ടെങ്കിലേ രാസമാലിന്യത്തിന്റെ സാന്നിധ്യം ബോർഡിന് നിഷേധിക്കാനാകൂ.
എന്നാൽ, ബോർഡിന് എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ഇത്തരത്തിൽ കൃത്യമായ പഠനം നടന്നതായി അറിവില്ല. മത്സ്യമേഖലയിലെ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് പുറമെ മനുഷ്യന്റെ ആരോഗ്യത്തിനുകൂടി ഭീഷണിയായ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ രംഗത്തുവന്നതോടെ പി.സി.ബി പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പരിശോധനഫലം ലഭിച്ചശേഷം നടപടി -പി.സി.ബി ചെയർപേഴ്സൻ
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വെള്ളത്തിന്റെയും മീനിന്റെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനഫലം ലഭിച്ചശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ചെയർപേഴ്സൻ എസ്. ശ്രീകല ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞതാണ് മത്സ്യങ്ങൾ ചാകാൻ കാരണം.
എന്നാൽ, ഇതിനുകാരണം രാസമാലിന്യമാണോ എന്ന് പരിശോധനഫലം ലഭിച്ചാലേ അറിയാനാകൂ. മൂന്നുനാല് വർഷമായി പെരിയാറിലെ വെള്ളത്തിന് പ്രശ്നമൊന്നും ഇല്ലാത്തതാണ്. പതിവ് പരിശോധനകൾ നടത്തിയിട്ടുണ്ട്. സംഭവത്തിൽ ജില്ല ഓഫിസറോടും ചീഫ് എൻജിനീയറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീകല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.