പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
text_fieldsകൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ വരുമാനം. 500ഓളം തൊഴിലാളികളുടെ ഉപജീവനമാണില്ലാതായത്.
നാൽപതോളം ചീനവലകളിലും 20ലേറെ ചെമ്മീൻകെട്ടുകളിലും രാസമാലിന്യം കലർന്ന ജലം കയറി. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തൽ.
വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകി. സംഭവത്തിൽ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കലക്ടറുടെ നിർദേശം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയിൽനിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിൾ കുഫോസിലും പരിശോധിക്കും.
അതിനിടെ, മത്സ്യക്കുരുതിയിൽ പനങ്ങാട് കേരള ഫിഷറീസ് സമുദ്ര സർവകലാശാല അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
വിശദ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഫിഷറീസ് ജോയന്‍റ് ഡയറക്ടർ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംഘത്തെ നിയോഗിച്ചത്. വെള്ളിയാഴ്ചക്കുമുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.
കലക്ടറോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി. രാജീവ്. രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കാരണം പരിശോധിക്കുന്നതിനൊപ്പം ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടിയെടുക്കും. ജലത്തിന്റെയും ചത്തമത്സ്യങ്ങളുടെയും സാമ്പിളുകള്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് ശേഖരിച്ച് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.
സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോർഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.