പെരിയാറിലെ മൽസ്യക്കുരുതി: വെള്ളത്തിൽ അമോണിയ, സിലിക്കേറ്റ്, സൾഫേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സജി ചെറിയാൻ
text_fieldsകോഴിക്കോട്: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ വെള്ളത്തിൽ അമോണിയയുടെയും സിലിക്കേറ്റിന്റെയും സൾഫേറ്റിന്റെയും ഉയർന്ന തോതിലുള്ള സാന്നിധ്യവും വെള്ളത്തിൽ അമ്ലതയും കണ്ടെത്തിയെന്ന് മന്ത്രി സജി ചെറിയാൻ. ഇതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണമെന്ന് വിലയിരുത്തപ്പെട്ടുവെന്നും നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.
വകുപ്പിന്റെ നിർദേശപ്രകാരം കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്)യിൽ നിന്നുമുള്ള സർവെയിലൻസ് സംഘം സ്ഥലം സന്ദർശിച്ച് വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും പുഴയിലെ ചെളിയുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. കുഫോസിൽ നിന്നും ലഭ്യമായ റിപ്പോർട്ട് പ്രകാരം ജലജീവികൾക്ക് നന്നായി ജീവിക്കുവാൻ ഒരു ലിറ്റർ നാല് എം.ജി(4 mg/1) എന്ന തോതിൽ പ്രാണവായു വേണം. മത്സ്യങ്ങൾ ചത്തുപൊങ്ങിയ സമയത്ത് രേഖപ്പെടുത്തിയത് 1.14 എം.ജി(1.14 mg/1) എന്ന വളരെ താഴ്ന്ന അളവാണ്.
ഫീൽഡ് തല ഉദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിൽ കൂട് മത്സ്യകൃഷിക്ക് 6.92 കോടി രൂപയുടെയും ഓരുജല മത്സ്യകൃഷിക്ക് 9.4728 ലക്ഷം രൂപയുടെയും എംബാങ്ക്മെന്റ് മത്സ്യകൃഷിക്ക് 1.6 ലക്ഷം രൂപയുടെയും ഉൾപ്പെടെ ആകെ 7.03 കോടി രൂപയുടെ നഷ്ടം കണക്കാക്കി.
വകുപ്പിലെ ഉദ്യോഗസ്ഥർ ഈ സ്ഥലം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലും കുഫോസിൽ നിന്നുള്ള സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ, ജലമലിനീകരണം മൂലം മത്സ്യകർഷകർക്ക് മത്സ്യകൃഷിയിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കുണ്ട്. ഈ പുഴയിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ഉണ്ടായ സാമ്പത്തിക നഷ്ടവും വ്യക്തമാണ്. ഈ വിഷയത്തിന്മേൽ കുറ്റക്കാരെ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം കുറ്റകൃത്യം നടത്തിയവരിൽ നിന്ന് തന്നെ പ്രശ്ന ബാധിതർക്കായുള്ള നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന് ശിപാർശ ലഭിച്ചുവെന്നും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.