പെരിയാറിലേക്ക് വീണ്ടും മാലിന്യം
text_fieldsകളമശ്ശേരി: സ്വകാര്യ കമ്പനി വളപ്പിൽനിന്ന് പെരിയാറിലേക്ക് ഒഴുകി എത്തുന്നതെന്ന് സംശയിക്കുന്ന മാലിന്യ ഉറവിടം കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയ മാലിന്യത്തിൽനിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി സാംപിൾ എടുത്തു. പാതാളം റെഗുലേറ്റർ ബ്രിഡ്ജിനു സമീപം കമ്പനി വളപ്പിലൂടെ പോകുന്ന കാന വഴിയാണ് മാലിന്യം ഒഴുകുന്നത് കണ്ടെത്തിയത്. രാവിലെ മുതൽ ബ്രിഡ്ജിലെ ലോക് ഷട്ടറിനകത്ത് കറുത്ത മാലിന്യം ഉയർന്നിരുന്നു. ഇത് കൂടാതെ ചുവപ്പ് പാടയോടു കൂടിയ മാലിന്യം ബ്രിഡ്ജിന് അകത്ത് ഷട്ടറിൽ കെട്ടിക്കിടന്നു.
വെള്ളത്തിന് പച്ചനിറവും കണ്ടു. ഇത് ശ്രദ്ധയിൽപെട്ട പരിസ്ഥിതി പ്രവർത്തകരായ മഹേഷ് എടയാറും ഇഖ്ബാലും ചേർന്ന് അന്വേഷിച്ചപ്പോൾ ബ്രിഡ്ജിനു സമീപം ഒഴിഞ്ഞ പറമ്പിൽ ചുവന്ന മാലിന്യം കാണാനായി. പുല്ല് നിറഞ്ഞ പറമ്പിലെ മധ്യഭാഗത്തായാണ് മാലിന്യം തടാകം പോലെ കെട്ടിക്കിടക്കുന്നത്.
പിന്നാലെ പറമ്പിലേക്ക് മാലിന്യം ഒഴുകിവരുന്ന വഴി നോക്കിയപ്പോഴാണ് സമീപത്തെ കമ്പനി വളപ്പിലൂടെ പോകുന്ന കാനയിലൂടെ ചുവപ്പ് നിറത്തിൽ മാലിന്യം ഒഴുകുന്നത് കാണുന്നത്. ഉടൻ മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ ഓഫിസിൽ അറിയിച്ചു. തുടർന്ന് പരിസ്ഥിതി പ്രവർത്തകരുടെ സാന്നിധ്യത്തിൽ സാംപിൾ ശേഖരിച്ചു. വിവരം ഉടൻ പ്രവർത്തകർ ബോർഡ് ചെയർമാൻ കെ.പി. സുധീറിനെയും ബിനാനിപുരം പൊലീസിനെയും ധരിപ്പിച്ചു. മാലിന്യം ഒഴുകി എത്തുന്ന വഴിയിലും കെട്ടിക്കിടക്കുന്ന പറമ്പിലും പുല്ലുകൾ കരിഞ്ഞ് ഉണങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.