ചരിത്രമുറങ്ങുന്ന അരൂക്കുറ്റിയിൽ പെരിയാറിന്റെ സ്മാരകം ഉയരുമോ?
text_fieldsഅരൂർ: വേഷമേറെ മാറി മാറി ആടിയ അരൂക്കുറ്റിക്ക് ഒടുവിൽ തമിഴ്നാട് സർക്കാറിന്റെ തന്തൈ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകം പേറാൻ ചരിത്ര നിയോഗം. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തതിന് തിരുവിതാംകൂർ രാജഭരണകാലത്ത് അരൂക്കുറ്റിയിലെ ജയിലിലാണ് പെരിയാറിനെ അടച്ചത്.
സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സമരകാലത്ത് ‘വൈക്കം വീരൻ’ എന്നു പെരുമ നേടിയിരുന്ന ഇ. വി. രാമസ്വാമിയുടെ സാമൂഹിക പോരാട്ടങ്ങളുടെ സ്മാരകം വൈക്കത്ത് മാത്രമാണുള്ളത് -വൈക്കം പട്ടണമധ്യത്തിൽ 78 സെൻറിൽ ലൈബ്രറിയും ചെറിയ മ്യൂസിയവുമെല്ലാമടങ്ങുന്ന സ്മാരകം. ഇത് നവീകരിക്കാൻ എട്ടു കോടി രൂപ തമിഴ് നാട് സർക്കാർ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ അദ്ദേഹം തടവറയിൽ കിടന്ന അരൂക്കുറ്റിയും പെരിയാറിന്റെ സ്മാരകമാക്കാനുള്ള പുറപ്പാടിലാണ് തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി എം.പി. സ്വാമിനാഥൻ, ഇ.വി. വേലു എന്നീ മന്ത്രിമാർ അടുത്തിടെ അരൂക്കുറ്റിയിൽ എത്തി. ഒരേക്കറാണ് കേരള സർക്കാർ തമിഴ്നാടിന് നൽകേണ്ടത്. ഇവിടെ ഉചിതമായ സ്മാരകം പണിയാനാണ് തമിഴ്നാട് പൊതുമരാമത്ത്, സാംസ്കാരിക വകുപ്പുകളുടെ തീരുമാനം.
തിരുവിതാംകൂർ രാജഭരണ കാലത്ത് രണ്ടാം തലസ്ഥാനം എന്ന് കീർത്തികേട്ട, കൊച്ചി രാജ്യവുമായി അതിരിടുന്ന തന്ത്രപ്രധാനമായ സ്ഥലം കൂടിയായിരുന്നു അരൂക്കുറ്റി. രണ്ടു രാജ്യങ്ങളുടെ അതിരുകുറ്റിയായതിനാലാണ് അരൂക്കുറ്റി എന്നു പേര് വരാൻ കാരണം. രാജ്യം കടന്നെത്തുന്ന സാധനങ്ങൾക്ക് ചുങ്കം ചുമത്തുന്ന ചൗക്കയും എക്സൈസ് ഓഫിസും ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും പൊലീസ് സ്റ്റേഷനും ജയിലും ഇവിടെ നിലനിന്നിരുന്നു. എക്സൈസ് ഡ്യൂട്ടി ചുമത്താൻ സാധനങ്ങളുമായെത്തുന്ന കെട്ടുവള്ളങ്ങളും വള്ളങ്ങളിൽ എത്തുന്ന ജീവനക്കാരെയും കച്ചവടക്കാരെയുംകൊണ്ട് അരൂക്കുറ്റി തിരക്കേറിയതായിരുന്നു. ചുങ്കപ്പണം തലച്ചുമടായാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നത്. ഇക്കിടക്ക് രാജാവിന് വന്നു താമസിക്കാൻ അരൂക്കുറ്റിയിൽ ചെറുകൊട്ടാരവും ആരാധനക്ക് ക്ഷേത്രവുമുണ്ടായിരുന്നു. ജനായത്ത ഭരണത്തിലേക്ക് കേരളം വഴിമാറിയപ്പോൾ അരൂക്കുറ്റി പുതിയ വേഷത്തിലായി. ബസ്റ്റാൻഡും ബോട്ട് ജെട്ടിയും കച്ചവട സ്ഥാപനങ്ങളും അരൂക്കുറ്റിയെ വീണ്ടും ജനനിബിഡമാക്കി. അരൂക്കുറ്റി പാലത്തിന്റെ വരവോടെ ബസ്റ്റാൻഡ് വഴിമാറി. ചങ്ങാടവും ഇല്ലാതായതോടെ തിരക്കൊഴിഞ്ഞു.
ബോട്ട് സർവിസും നിലച്ചതോടെ അരൂക്കുറ്റി അനാഥമായി. എക്സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഏക്കറുകണക്കിന് സ്ഥലം സംരക്ഷിക്കപ്പെടാതെ ഇവിടെ കിടപ്പുണ്ട്. 15 വർഷം മുമ്പ് സർക്യൂട്ട് ടൂറിസത്തിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ മുടക്കി 15 ഹൗസ് ബോട്ടുകൾക്ക് ഒരേസമയം എത്താവുന്ന ലാൻഡിങ് സെൻറർ പണിതുയർത്തി. കൈതപ്പുഴക്കായലോരത്ത് ആധുനിക സൗകര്യങ്ങളോടെ കണ്ണിന് ഇമ്പമേകുന്ന കമനീയ മാതൃകയിലാണ് കെട്ടിടം പണിതുയർത്തിയത്. കായൽ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് ടവറും കെട്ടിടത്തിനുമുകളിൽ പണിതു. രണ്ടു മുന്നണികളും വിനോദസഞ്ചാര പദ്ധതിയുടെ പിതൃത്വം ഏറ്റെടുത്ത് ഉദ്ഘാടനവും നടത്തി. എക്സൈസിന്റെ സ്ഥലം കൂടി അനുവദിച്ചാൽ മാത്രമേ ഹൗസ് ബോട്ട് ടെർമിനൽ യാഥാർഥ്യമാകൂ എന്ന തടസ്സവാദം പറഞ്ഞ് കെട്ടിടം അനാഥമാക്കി പദ്ധതി ഉപേക്ഷിച്ചു. കോടികൾ മുടക്കിയിട്ടും അനാഥമാകുന്ന കായലോര നിർമിതികൾ പ്രയോജനപ്പെടുത്താൻ അരൂക്കുറ്റി പഞ്ചായത്തും ചില പദ്ധതികൾ ആലോചിച്ചു.
വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വേഗ സൂപ്പർഫാസ്റ്റ് സോളാർ ബോട്ടിന് അരൂക്കുറ്റിയിൽ സ്റ്റോപ്പ് അനുവദിക്കാൻ സർക്കാരിനോട് അപേക്ഷിച്ചു. ബോട്ടടുക്കാൻ ജെട്ടിക്ക് സമീപം കായലിനു ആഴം വർദ്ധിപ്പിക്കാൻ ഡ്രഡ്ജ് ചെയ്തു. ലക്ഷങ്ങൾ മുടക്കിയത് മാത്രം മിച്ചം. വേഗ ബോട്ട് അരൂക്കുറ്റിയിൽ അടുത്തില്ല.
ഇപ്പോൾ അരൂക്കുറ്റിയുടെ പ്രതീക്ഷ തമിഴ്നാട് സർക്കാർ പണിയാൻ ഉദ്ദേശിക്കുന്ന പെരിയോർ സ്മാരകത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.