ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് സ്ഥിരം സംവിധാനം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനം. കിഴക്കേകോട്ട സിറ്റി യൂനിറ്റിലാണ് കെ.എസ്.ആർ.ടി.സി പുതിയതായി സബ്സ്റ്റേഷൻ സ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി 99,18,175 രൂപ ചിലവാക്കിയതോടൊപ്പം 81,33,983 രൂപ കെ.എസ്.ആർ.ടി.സി അടച്ചതും ഉൾപ്പടെ 1,80,52,158 രൂപ ചിലവഴിച്ചാണ് ഒരേ സമയം നാല് ബസുകൾക്ക് അതിവേഗം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷൻ സ്ഥാപിച്ചത്.
ഇതോടെ വൈദ്യുതി തടസങ്ങളില്ലാതെ മികച്ച രീതിയിൽ ചാർജ് ചെയ്യാനാകും. നാല് ബസുകൾ ഒരേ സമയം ഒരു ചാർജിംഗ് ഗൺ ഉപയോഗിച്ച് സ്ലോ ചാർജിംഗും, രണ്ട് ഗൺ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാർജിംഗും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാർജിംഗ് ചെയ്യുക. പകൽ സമയം അതിവേഗം ചാർജും ചെയ്യാൻ സാധിക്കും.
നിലവിൽ 40 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലർ സർവീസിനായി കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. 10 ബസുകൾ കൂടി ഡിസംബർ ജനുവരിമാസത്തിൽ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമാകും. വികാസ് ഭവൻ, പേരൂർക്കട, തിരുവനന്തപുരം സെൻട്രൽ, പാപ്പനംകോട് സെന്റർ വർക്ക്ഷോപ്പ് എന്നിവടങ്ങിലും താൽക്കാലിക ചാർജിംഗ് സ്റ്റേഷനുകൾ നിലവിലുണ്ട്.
സ്മാർട്ട് സിറ്റിയുടെ ഫണ്ടിൽ നിന്നും വാങ്ങുന്ന ഒമ്പത് മീറ്റർ നീളമുള്ള 125 ബസുകളുടെ ടെന്റർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ ടെന്ററിൽ മൂന്ന് കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്. കൂടാതെ കിഫ്ബി മുഖേന 12 മീറ്റർ നീളമുള്ള 150 ബസുകൾ വാങ്ങാനുള്ള ടെന്റർ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്രയേറെ ബസുകൾക്ക് ചാർജിംഗ് സബ്സ്റ്റേഷൻ അനിവാര്യമായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
പാപ്പനംകോട്, ഈഞ്ചയ്ക്കൽ എന്നിവിടങ്ങിൽ അഞ്ച് ബസുകൾ വീതം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷനുകൾ പ്രവർത്തനം പുരോഗമിക്കുകയാണ്. വെഞ്ഞാറമൂട്, കിളിമാനൂർ, ആറ്റിങ്ങൽ, കണിയാപുരം, പേരൂർക്കട, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, തമ്പാനൂർ സെൻട്രൽ എന്നിവടങ്ങളിലും സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.