റോഡ് പരിശോധനക്ക് സ്ഥിരം സംവിധാനം -മന്ത്രി
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയുടെ പരിശോധനക്ക് സ്ഥിരംസംവിധാനത്തിന് രൂപം നൽകിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പി.ഡബ്ല്യു.ഡി മിഷൻ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തി റിപ്പോർട്ട് നൽകും. 45 ദിവസത്തിലൊരിക്കൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമും പരിശോധന നടത്തും.
നിരത്ത് വിഭാഗത്തിലെ മൂന്ന് സൂപ്രണ്ടിങ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം പരിശോധനാസംവിധാനത്തിനാണ് രൂപം നൽകിയിട്ടുള്ളത്. മൂന്നുമേഖലകളിലെ സൂപ്രണ്ടിങ് എൻജിനീയർമാർ തങ്ങളുടെ കീഴിൽ വരുന്ന ഡിവിഷനുകളിലെ പരിശോധനക്ക് നേതൃത്വം നൽകും. ഡിവിഷനുകളിലെ നിരത്ത്, നിരത്ത്-പരിപാലന വിഭാഗത്തിലെ എക്സിക്യൂട്ടിവ് എൻജിനീയർമാരും ടീമിൽ ഉൾപ്പെടും. ഡിവിഷനുകളിൽ ഈ മൂന്നംഗ സംഘം മാസത്തിൽ ഒരു തവണ റോഡുകളിൽ നേരിട്ടെത്തി പരിശോധന നടത്തും.
ഒക്ടോബർ 17 മുതൽ ഈ സംഘത്തിന്റെ പരിശോധന ആരംഭിക്കും. പരിശോധന റിപ്പോർട്ട് ചുമതലയുള്ള സൂപ്രണ്ടിങ് എൻജിനീയർ തയാറാക്കി കൈമാറും. ഇതോടൊപ്പം ഐ.എ.എസ് ഓഫിസർമാർ, ചീഫ് എൻജിനീയർമാർ എന്നിവരടങ്ങിയ നിലവിലുള്ള സ്പെഷൽ ടീമിന്‍റെ പരിശോധനയും തുടരും. തുടർന്ന് 45 ദിവസത്തിനിടയിൽ ഒരു തവണ എന്ന നിലയിൽ ഈ ടീം പരിശോധന തുടരും. അടുത്ത മഴക്കാലത്തിന് മുമ്പ് നാലുതവണ സ്പെഷല്‍ ചെക്കിങ് ടീം പരിശോധന നടത്തും. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ ഒക്ടോബർ 19നും 20നും മന്ത്രിതല സംഘം നേരിട്ട് സന്ദർശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.