കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിയും; 503 സ്വകാര്യ ബസ് പെര്‍മിറ്റുകൾക്ക് പച്ചക്കൊടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിക്കുംവിധം 503 സ്വകാര്യബസ് പെര്‍മിറ്റ് അനുവദിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ)തീരുമാനം. യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിളിച്ച ജനകീയ സദസ്സുകളിലുയർന്ന നിർദേശമായാണ് പുതിയ പെർമിറ്റുകൾ അനുവദിക്കുന്നത്.
ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചാൽ യാത്രാക്ലേശം പരിഹരിക്കാനും പ്രതിസന്ധിയിലുള്ള കോർപറേഷന് ആശ്വാസമാകാനുമിടയാകുമെന്നിരിക്കെ, അതിന് മുതിരാതെ ഗതാഗത വകുപ്പ് മുൻകൈയെടുത്താണ് സ്വകാര്യ പെർമിറ്റുകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തുടനീളം 1000 ത്തോളം റൂട്ടുകൾ സ്വകാര്യമേഖലക്കായി നൽകുന്നതിന്റെ ആദ്യഘട്ടമായാണ് 503 റൂട്ടുകളിലെ വിജ്ഞാപനം.
കിലോമീറ്ററിൽ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ, ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്ന സർവിസുകളെല്ലാം നിലച്ചു. ഫലത്തിൽ യാത്രാക്ലേശം രൂക്ഷമായി. ഇതിന്റെ മറവിലാണ് ജനകീയ സദസ്സുകൾ സംഘടിപ്പിച്ചത്.
പെർമിറ്റ് വായിച്ചു, പകർപ്പ് മറച്ചുവെച്ചു
റൂട്ടുകൾ അന്തിമമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരെ പങ്കെടുപ്പിച്ച് ജില്ലകളിൽ യോഗം ചേർന്നിരുന്നു. പുതിയ പെർമിറ്റുകൾ വായിച്ചതല്ലാതെ, കെ.എസ്.ആർ.ടി.സിക്ക് ഇതിന്റെ പകർപ്പ് നൽകാൻ അധികൃതർ തയാറായില്ല. കെ.എസ്.ആർ.ടി.സിയിൽനിന്ന് എതിർപ്പുയരുമെന്നതാണ് റൂട്ട് രഹസ്യമാക്കി വെക്കാൻ കാരണം.
എൻ.എച്ചും എം.സിയുമടക്കം കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ മാത്രമാണ് സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്റെ പേരിൽ തയാറാക്കിയ 92 റൂട്ടുകളിലൊന്ന് കെ.എസ്.ആർ.ടി.സിക്ക് മാത്രം ഓടാൻ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടിൽ സ്വകാര്യ ഓപറേറ്റർക്ക് 17 കിലോമീറ്ററിൽ കൂടുതൽ ഓടാൻ അനുവാദം നൽകുംവിധത്തിലാണ്.
അനുവാദം 28,146 കിലോമീറ്ററിൽ
സ്വകാര്യബസുകൾ ഓടാൻ അനുമതി നൽകിയ 28,146 കിലോമീറ്റര്‍ പാതയില്‍ 617 കിലോമീറ്റർ മാത്രമാണ് നിലവില്‍ ബസ് സര്‍വിസ് ഇല്ലാത്തതായുള്ളത്. മത്സരയോട്ടം ഒഴിവാക്കാന്‍ ഒരു പാതയില്‍ രണ്ട് ബസ് പെര്മിറ്റുകളാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ലേലത്തിലൂടെ നിശ്ചയിക്കും. പുതിയ ബസുകള്‍ക്ക് മാത്രമാകും പെര്‍മിറ്റ്. ഇതാദ്യമായാണ് റൂട്ട് സർക്കാർ നിർദേശിക്കുകയും ബസുടമകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്യുന്നത്.
പുതിയ പെർമിറ്റിനുള്ള നിബന്ധനകൾ
- ജി.പി.എസ് സംവിധാനം, മുന്നിലും പിന്നിലും അകത്തും നിരീക്ഷണ കാമറകള്‍.
- വാതിലിന് സമീപത്തായി ഡിജിറ്റല്‍ റൂട്ട് ബോര്‍ഡുകള്‍.
- മത്സരയോട്ടം തടയാന്‍ ജിയോ ഫെന്‍സിങ് സംവിധാനം.
- ഡിജിറ്റല്‍ ടിക്കറ്റ് മെഷീന്.
- ബസുകളില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം.
- ജീവനക്കാര്‍ക്കും ബസുടമക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന പൊലീസ് സാക്ഷ്യപത്രം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.