റിപ്പോർട്ട് അനുകൂലം; കരിപ്പൂരിൽ വലിയ വിമാനത്തിന് അനുമതി ഉടൻ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി ഉടൻ. 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒടുവിൽ പിൻവലിക്കാൻ പോകുന്നത്. ഇതിനായി കേന്ദ്രം ഏർപ്പെടുത്തിയ വിവിധ സമിതികൾ അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അനുമതി നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം. കൂടാതെ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. രാഘവനും അബ്ദുസ്സമദ് സമദാനി അടക്കമുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു.
സർവിസുകൾ പുനരാരംഭിക്കാൻ വിമാന കമ്പനികൾക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ നൽകിയേക്കും. പാർലമെൻറ് സമ്മേളനത്തിലെ തിരക്കുകൾ അവസാനിച്ചാൽ എൻ.ഒ.സി നൽകും. ആദ്യഘട്ടത്തിൽ സൗദി എയർലൈൻസിനായിരിക്കും അനുമതി. നിലവിൽ സുരക്ഷ വിലയിരുത്തൽ, കമ്പാറ്റബിലിറ്റി സ്റ്റഡി, റിസ്ക് അസസ്െമൻറ് എന്നിവ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയത് 'സൗദിയ'യാണ്. ഖത്തർ എയർവേസും എയർ ഇന്ത്യയും സുരക്ഷ വിലയിരുത്തൽ പൂർത്തിയാക്കിയിട്ടുണ്ട്. പിറകെ ഇവർക്കും അനുമതി ലഭിച്ചേക്കും.
അപകടം അന്വേഷിച്ച അഞ്ചംഗ എ.എ.െഎ.ബി സംഘം കാരണമായി ഉന്നയിച്ചത് പൈലറ്റിെൻറ വീഴ്ചയായിരുന്നു. തുടർന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയെയും കൂടാതെ, ഡി.ജി.സി.എ, അതോറിറ്റി എന്നിവയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സബ് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവിസ് പുനരാരംഭിക്കാൻ അനുമതി നൽകുകയെന്ന് കഴിഞ്ഞ ദിവസം ഡി.ജി.സി.എ ഡയറക്ടർ ജനറൽ എം.കെ. രാഘവനെ അറിയിച്ചിരുന്നു.
വലിയ വിമാനങ്ങൾ തിരിച്ചെത്തുന്നതോടെ ഹജ്ജ് പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിലേക്ക് തിരികെ എത്തും. 2015ൽ റൺവേ നവീകരണത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം 2018ലായിരുന്നു കേന്ദ്രം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.