തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി
text_fieldsതൃശൂർ: കോവിഡ് കവർന്ന രണ്ടുവർഷത്തിന്‍റെ ഇടവേളക്കുശേഷം തൃശൂർ പൂരം വീണ്ടും കളറാകുന്നു. പൂരത്തിലെ പ്രധാന ഇനമായ വെടിക്കെട്ടിന് കേന്ദ്ര പെട്രോളിയം സുരക്ഷ ഏജൻസിയായ 'പെസോ'യുടെ അനുമതി. കുഴിമിന്നൽ, അമിട്ട്, മാലപ്പടക്കം എന്നിവക്കാണ് അനുമതി നൽകിയത്. ഇതിന് പുറമെയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്ന് ഉത്തരവിൽ കർശന വ്യവസ്ഥയുണ്ട്. മേയ് എട്ടിന് വൈകീട്ട് ഏഴിന് സാമ്പിൾ വെടിക്കെട്ടും മേയ് 11ന് പുലർച്ച മൂന്നിന് പ്രധാന വെടിക്കെട്ടും നടത്തും. മേയ് 10നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസോ പരിശോധനകൾക്കുശേഷം അംഗീകരിക്കുകയായിരുന്നു.
പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തേ പരിശോധനക്ക് നൽകണമെന്ന പെസോയുടെ ആവശ്യം തടസ്സമായി നിന്നിരുന്നുവെങ്കിലും ഇതുസംബന്ധിച്ച പ്രായോഗിക പ്രശ്‌നം സുരേഷ് ഗോപി എം.പി കേന്ദ്ര സർക്കാറിനും പെസോക്കും മുന്നിൽ എത്തിച്ചിരുന്നു.
തുടർന്ന് പൊട്ടിക്കുന്നതിന് മുമ്പ് വെടിക്കെട്ടുപുരയിലും നിർമാണ സ്ഥലത്തുംവെച്ച് സാമ്പിൾ എടുക്കാമെന്ന നിർദേശം പൊസോ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ല ഭരണകൂടവുമായും പെസോ ചർച്ച നടത്തിയിരുന്നു. വർഷങ്ങൾക്കുശേഷമാണ് അനിശ്ചിതത്വങ്ങളും വിവാദങ്ങളും ഇല്ലാതെ തൃശൂർ പൂരം വെടിക്കെട്ടിനും സാമ്പിളിലും അനുമതി ലഭിക്കുന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പൂരം ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
ഇത്തവണ കന്നിക്കാരുടെ മത്സരം
അടച്ചിടൽ കാലത്തിന്‍റെ ഇടവേളക്കുശേഷമെത്തുന്ന പൂരം കന്നിക്കാരുടെ മത്സരം കൂടിയാണ്. ആദ്യമായി ഒരുവനിത വെടിക്കെട്ടിന്‍റെ ലൈസൻസിയാവുന്നതും പ്രത്യേകതയാണ്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് വെടിക്കോപ്പുകൾ ഒരുക്കുന്നത് പുതിയ ലൈസൻസികളാണ്. തിരുവമ്പാടി വിഭാഗത്തിന് നേരത്തേ ലൈസൻസിയായിരുന്ന സുരേഷിന്റെ ഭാര്യ എം.എസ്. ഷീനയുടെ നേതൃത്വത്തിലാണ് കമ്പക്കെട്ട് ഒരുക്കുന്നത്.
പാറമേക്കാവ് വിഭാഗത്തിന് ചാലക്കുടി സ്വദേശി പി.സി. വർഗീസാണ് വെടിക്കെട്ട് ഒരുക്കുക. നേരത്തേതന്നെ പെസോയുടെ അംഗീകാരം ലഭിച്ചതിനാൽ ഒരുക്കം മുൻകൂട്ടി ആരംഭിക്കാനാകുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.