തൃശൂർ പൂരത്തിന് അനുമതി; സന്ദർശകർക്ക് നിയന്ത്രണങ്ങളില്ല
text_fieldsതൃശൂർ: തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊലിമ കുറയാതെതന്നെ ആഘോഷിക്കും. ആരോഗ്യ വകുപ്പുണ്ടാക്കിയ നിയന്ത്രണ ഉത്തരവ് കലക്ടർ വിളിച്ചുചേർത്ത യോഗം തള്ളി.
പൂരം വിളംബരം അറിയിച്ച് തെക്കേവാതില്‍ തള്ളിത്തുറക്കുന്നത് മുതലുള്ള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടിക്കുറക്കില്ല. എട്ട് ക്ഷേത്രങ്ങളില്‍നിന്നുള്ള ഘടകപൂരങ്ങളും നടത്തും. 15 വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം പ്രദർശനവും സാധാരണ പോലെ നടത്തും.
ജനങ്ങളെ നിയന്ത്രിക്കുന്നതുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഏറ്റെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. പൂരം പ്രദർശനത്തിന് മുൻകാലങ്ങളിലെ പോലെ സാധാരണ കൗണ്ടർ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും. എന്നാൽ, സന്ദർശകരെ നിയന്ത്രിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും കലക്ടർ ദേവസ്വങ്ങളോട് അറിയിച്ചു.
കലക്ടറുടെ ചേംബറിൽ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോർ കമ്മിറ്റിയുമായും നടത്തിയ ചർച്ചയിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അവസാനമായത്.
പ്രദർശന നഗരിയിലേക്ക് പ്രവേശനം ഓൺലൈൻ ടിക്കറ്റ് മുഖേന മാത്രമേ അനുവദിക്കാവൂ എന്നും ഒരുസമയം 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാവൂ എന്നുമുള്ള ആരോഗ്യ വകുപ്പിെൻറ ഉത്തരവാണ് വിവാദത്തിനിടയാക്കിയിരുന്നത്. ഈ നിർദേശം യോഗം തള്ളി. പൂരത്തിെൻറ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാൻ ഇരു ദേവസ്വങ്ങൾക്കൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും മേൽനോട്ടം വഹിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
ഏപ്രിൽ ഒന്നു മുതൽ ഇരു ദേവസ്വങ്ങളുടെയും 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തും. ഇതിനായി ഇരു ദേവസ്വവും വാക്സിനേഷനുള്ള പട്ടിക ഉടൻ നൽകണമെന്ന് ഡി.എം.ഒ കെ.ജെ. റീന അറിയിച്ചു.
പൊലീസ് സേനയുടെ മുഴുവൻ സമയ പ്രവർത്തനവും പൂരത്തിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.