ലക്ഷം വീടുകൾ ഒറ്റവീടാക്കാൻ അനുമതി
text_fieldsകണ്ണൂർ: കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഭവന പദ്ധതിയായ എം.എൻ ലക്ഷംവീട് പദ്ധതിയിലൂടെ നിർമിച്ച ഇരട്ട വീടുകൾ ഒറ്റവീടാക്കൽ നടപടികൾക്ക് ഗതിവേഗം. ലക്ഷം വീട് ഭവന പദ്ധതിയിലെ വാസയോഗ്യമല്ലാത്ത ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി.
കാലപ്പഴക്കവും സ്ഥലപരിമിതിയും അസൗകര്യങ്ങളുമുള്ള 506 വീടുകൾ സംസ്ഥാനത്ത് ഇതുവഴി പുനർനിർമിക്കും. ലക്ഷംവീട് പദ്ധതി പ്രകാരം ഒരു ചുമരിന് ഇരുവശത്തുമായി രണ്ടുവീടുകളാണ്. സർക്കാർ കണക്ക് പ്രകാരം ആറായിരത്തോളം വീടുകൾ തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ടുപയോഗിച്ച് ഇതുവരെ ഒറ്റവീടുകളാക്കി മാറ്റി. ബാക്കിയുള്ളവയിൽ 250 വീടുകൾ എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരത്ത് 100 വീടുകളാണുള്ളത്.
വികസന ഫണ്ടിെൻറ 20 ശതമാനം ലൈഫ് ഭവന പദ്ധതിക്ക് മാറ്റിവെച്ചശേഷം അധിക തുക വകയിരുത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ ഇരട്ട വീടുകൾ ഒറ്റവീടാക്കാൻ സഹായമനുവദിക്കേണ്ടത്. ഇതിനുള്ള ഉത്തരവ് തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ചില പഞ്ചായത്തുകൾ നേരത്തെതന്നെ ലക്ഷംവീടുകൾ ഒറ്റവീടാക്കി മാറ്റിയിരുന്നു. 50 വർഷം മുമ്പ് നിർമിച്ച വീടുകളായതിനാൽ പലതും നശിച്ചു. താമസക്കാർ വീട് ഉപേക്ഷിച്ചതിനാലും വീട്ടുടമ മരിച്ചതിനാലും പലതും വാസയോഗ്യമല്ല. ഒറ്റവീടാക്കാൻ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയുടെ അനുമതി നിർബന്ധമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.