ജാതിയുടെ പേരിലുള്ള പീഡനം കോഴിക്കോട്ട് കുറവ്
text_fieldsകോഴിക്കോട്: ജാതീയമായ അധിക്ഷേപങ്ങളും പിന്നാക്കക്കാരോടുള്ള അതിക്രമങ്ങളും കോഴിക്കോട് ജില്ലയിൽ താരതമ്യേന കുറവെന്ന് സംസ്ഥാന പട്ടികജാതി/വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി.
സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടൗൺഹാളിൽ നടന്ന പട്ടികജാതി/വർഗ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 കേസുകൾ കമീഷനു മുമ്പാകെ എത്തിയതിൽ 47 പരാതികൾ തീർപ്പാക്കി. പുതിയതായി ഒമ്പത് പരാതികൾ ലഭിച്ചു.
പട്ടികജാതി/വർഗക്കാരുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പരാതികളുമാണ് അദാലത്തിൽ എത്തിയവയിൽ ഏറെയും. ഇത്തരത്തിലുള്ള പരാതികളിൽ നടപടി സ്വീകരിക്കാൻ കലക്ടർ, പൊലീസ് എന്നിവർക്ക് കമീഷൻ നിർദേശം നൽകി.
കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികൾക്ക് പഠിക്കുന്നതിനുള്ള അവകാശം നിഷേധിച്ചതായുള്ള പരാതി എത്തി. ജാതീയമായ വിവേചനവും ആക്ഷേപവും നേരിടേണ്ടിവന്നു എന്നതാണ് പരാതി. സംഭവത്തിൽ അന്വേഷണ കമ്മിറ്റിയെ നിയമിച്ച് അന്വേഷണം നടത്തി വരുന്നതായും പരാതിയിൽ കഴമ്പുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും രജിസ്ട്രാർ കമീഷനെ അറിയിച്ചു.
സർവകലാശാലയിലെ മറ്റു വകുപ്പുകളിൽ ജാതീയ അധിക്ഷേപത്തിന് വിദ്യാർഥികൾ ഇരയാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും രജിസ്ട്രാർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ സ്റ്റൈപൻഡുമായി ബന്ധപ്പെട്ടും മറ്റുമുള്ള കേസുകളും അദാലത്തിൽ എത്തി. കമീഷൻ അംഗങ്ങളായ എസ്.അജയകുമാർ, അഡ്വ. സൗമ്യ സോമൻ തുടങ്ങിയവരും പങ്കെടുത്തു. അദാലത്ത് വെള്ളിയാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.