വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
text_fieldsആലുവ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവ കാസിമിനെ (49) റൂറൽ ജില്ല സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാർ എന്നിവരിൽനിന്ന് മലേഷ്യയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ചെങ്ങന്നൂരിലെ ഉഴിച്ചിൽകേന്ദ്രത്തിൽ ചികിത്സക്ക് വന്നപ്പോഴാണ് ബാവ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടത്. ഉത്തർപ്രദേശിൽ എസ്.എസ് ട്രാവൽസ് എന്ന സ്ഥാപനം നടത്തുകയാണെന്നും ഉയർന്ന ശമ്പളമുള്ള പാക്കിങ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിൻപ്രകാരം രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ടുലക്ഷം വീതം എട്ടുലക്ഷം രൂപ ഇയാൾക്ക് കൈമാറി. ഇവരെ തിരുവനന്തപുരത്ത് മെഡിക്കൽ പരിശോധനക്കും കൊണ്ടുപോയിരുന്നു. തുടർന്ന് സിംഗിൾ എൻട്രി വിസ എന്ന പേരിൽ വിസപോലെ ഒരു പേപ്പർ വാട്സ്ആപ് വഴി ഉദ്യോഗാർഥികൾക്ക് അയച്ചുകൊടുത്തു.
തട്ടിപ്പാണെന്ന് മനസ്സിലായതിനെത്തുടർന്ന് ഫെമി പൊലീസിൽ പരാതി നൽകുകയും സൈബർ പൊലീസ് സ്റ്റേഷൻ കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ പറഞ്ഞ ട്രാവത്സ് ഇല്ലെന്ന് കണ്ടെത്തി. ഇയാളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും തട്ടിപ്പുസംഘത്തിൽ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാഗർകോവിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.