കൊലക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് എൽഎൽ.ബി പ്രവേശനത്തിന് അനുമതി
text_fieldsകൊച്ചി: കൊലക്കേസിൽ പ്രതിയായി സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്നയാൾക്ക് ഓൺലൈൻ നിയമപഠനത്തിന് കോളജ് മുഖേന പ്രവേശനം അനുവദിച്ച് ഹൈകോടതി. മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങൾ തള്ളിയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നയാൾക്ക് ത്രിവത്സര എൽഎൽ.ബി പഠനത്തിന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നൽകിയത്.
മത്സരപരീക്ഷയെഴുതി അർഹത നേടിയിട്ടും സ്വകാര്യ ലോ കോളജ് പ്രവേശനം നിഷേധിച്ചത് ചോദ്യം ചെയ്ത് തടവുകാരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോളജിന്‍റെ അച്ചടക്കത്തെ ബാധിക്കുമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായതിനാൽ അതിന്‍റെ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങളിൽ നിർബന്ധിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നൽകാൻ വിസമ്മതിച്ചത്.
എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റവാളിയായ ഹരജിക്കാരന്‍റെ മാനസിക പരിവർത്തനത്തിനും സമൂഹത്തിലേക്കുള്ള പുനരധിവാസത്തിനും വിദ്യാഭ്യാസം സഹായകമാകുമെന്ന് വിലയിരുത്തിയ കോടതി, കോഴ്സിന് പ്രവേശനം നൽകാൻ നിർദേശിക്കുകയായിരുന്നു.
മൗലികാവകാശത്തിന്‍റെ ഭാഗമായ വിദ്യാഭ്യാസം തുടരാൻ കുറ്റവാളിക്കും അവകാശമുണ്ടെന്ന മുമ്പ് പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ ഈ കേസിലും ആവർത്തിച്ചു. രണ്ട് തടവുകാർക്ക് എൽഎൽ.ബി ഓൺലൈൻ പഠനം അനുവദിച്ച് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.