വാഴ്ത്തുപാട്ട്: പി.ജെക്ക് ശാസന; പിണറായിക്ക് തിരുവാതിര
text_fieldsകണ്ണൂർ: സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളന വേദിയിലെ മെഗാ തിരുവാതിര വിവാദമാകുമ്പോൾ പാർട്ടിയിലെ വ്യക്തിപൂജ വീണ്ടും ചർച്ചയിലേക്ക്. തിരുവാതിര ഗാനത്തിലെ വരികൾ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുന്നതാണ്. സമാനമായ ഒരു വാഴ്ത്തുപാട്ടിന്റെ പേരിലാണ് പി. ജയരാജൻ പാർട്ടിയിൽ ശാസനക്ക് വിധേയനായത്. ജയരാജൻ സ്തുതിയിൽ കമ്യൂണിസ്റ്റ് ശൈലി വ്യതിയാനം കണ്ടെത്തിയ പാർട്ടി പക്ഷേ, പിണറായി വാഴ്ത്തുപാട്ടിൽ അത്തരം പ്രശ്നങ്ങളൊന്നും കാണുന്നില്ല. മെഗാ തിരുവാതിരയിലെ കോവിഡ് മാനദണ്ഡ ലംഘനം മാത്രമാണ് പാർട്ടി കാണുന്ന പ്രശ്നം.
വ്യക്തിപൂജയിൽ ജയരാജനും പിണറായി വിജയനും രണ്ടു നീതിയെന്ന ആക്ഷേപം പാർട്ടി ഗ്രൂപ്പുകളിൽ ഇതിനകം ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെയാണ് വ്യക്തിപൂജയുടെ പേരിൽ ജയരാജനെ പാർട്ടി ശാസിച്ചത്. കണ്ണൂർ പുറച്ചേരി ഗ്രാമീണ കലാസമിതി തയാറാക്കിയ വിഡിയോ ആൽബം സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ കണ്ണൂരിലെ ചില നേതാക്കൾതന്നെയാണ് വ്യക്തിപൂജ ആക്ഷേപം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചത്. അതിന് പിണറായിയുടെ കൂടി പിന്തുണ ലഭിച്ചതോടെ 2018ലെ ജില്ല സമ്മേളനത്തിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി ജയരാജനെ പാർട്ടി ശാസിച്ചു. തിരുത്താൻ നിർദേശവും നൽകി. ശേഷം പാർട്ടിയിൽ ജയരാജൻ ഒതുക്കപ്പെട്ടു.
2018ൽ വീണ്ടും ജില്ല സെക്രട്ടറിയായെങ്കിലും മാസങ്ങൾക്കകം ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ പേരിൽ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. വടകരയിൽ തോറ്റതോടെ കണ്ണൂരിൽ പാർട്ടി അണികളിൽ ഏറെ ജനകീയനായിട്ടും ജയരാജൻ കാര്യമായ ചുമതലകളൊന്നുമില്ലാതെ സംസ്ഥാന സമിതിയംഗം മാത്രമായി ചുരുങ്ങി. ശേഷം, സമൂഹ മാധ്യമങ്ങളിലെ ജയരാജൻ ആരാധകരുടെ കൂട്ടായ്മ 'പി.ജെ ആർമി'യുടെ പേര് 'റെഡ് ആർമി' എന്ന് മാറിയതുൾപ്പെടെ തിരുത്തലുകൾക്കൊടുവിൽ ഈയിടെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചത്.
പി.ജെയെ ഈ വിധം തിരുത്തുമ്പോഴും ഇരട്ടച്ചങ്കൻ, ക്യാപ്റ്റൻ തുടങ്ങിയ വിശേഷണങ്ങൾ പാർട്ടി വേദികളിലും പ്രസിദ്ധീകരണങ്ങളിലും ആവർത്തിച്ചുകൊണ്ടിരുന്നു. 'ക്യാപ്റ്റൻ' വിളിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ''ആളുകൾ പലതും വിളിക്കാറുണ്ട്..'' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിശേഷണങ്ങൾ ആസ്വദിക്കുന്ന മറുപടി മാത്രമല്ല, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ കടന്നുവന്ന ഭൂതകാലം സംബന്ധിച്ച തുറന്നുപറച്ചിലും പിണറായിയുടെ നാവിൽ നിന്നുണ്ടായി. അതിന്റെ തുടർച്ചയാണ് മെഗാ തിരുവാതിരയിലെ പിണറായി സ്തുതിഗീതം. ജയരാജൻ വാഴ്ത്തുപാട്ട് സമൂഹമാധ്യമങ്ങളിലായിരുന്നുവെങ്കിൽ പിണറായി സ്തുതി പാർട്ടി സമ്മേളനവേദിയിലാണ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.