മണ്‍റോതുരുത്ത് കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം; മുഖ്യമന്ത്രിയുടെ വാദം തള്ളി പൊലീസ്
text_fieldsകൊല്ലം: മണ്‍റോതുരുത്തിൽ സി.പി.എം പ്രവർത്തകൻ മണിലാലിന്‍റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസിന്‍റെ റിമാൻഡ് റിപോര്‍ട്ട്. പ്രതി അശോകന്‍റെ വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മണിലാലിന്‍റെ ഹോം സ്റ്റേയിലേക്കുള്ള അതിഥികളെ അശോകന്‍ മുടക്കിയിരുന്നുവെന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്നും പിന്നില്‍ ആർ.എസ്.എസ് ആണെന്നുമായിരുന്നു സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് പൊലീസ് റിപോര്‍ട്ട്.
സഞ്ചാരികളെ റിസോർട്ടിലേക്കു കൊണ്ടുവരുന്നതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവ ദിവസം, മുൻവൈരാഗ്യത്തെ തുടർന്നു മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തികൊല്ലുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ഭരണ നേതൃത്വത്തിന്‍റെ ആരോപണമാണു പൊലീസ് സമർപ്പിച്ച റിപോർട്ടോടെ പൊളിഞ്ഞത്.
സി.പി.എം പ്രവർത്തകന്‍റെ കൊലക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.എം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ആർ.എസ്.എസും യു.ഡി.എഫും തമ്മില്‍ തെരഞ്ഞെടുപ്പിൽ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും ഈ സഖ്യത്തിന്‍റെ തീരുമാന പ്രകാരമാണോ കൊലപാതകമെന്ന് ഇരു കൂട്ടരും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.