പേഴ്സനല്‍ സ്റ്റാഫ് നിയമനം: വിശദ വാദം കേൾക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേരളത്തിൽ പേഴ്സനൽ സ്റ്റാഫിന് പെൻഷൻ കൂടിയുണ്ടെന്ന് കേട്ടാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി വിശദമായി കേൾക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ കേരള ഹൈകോടതി ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ആന്റി കറപ്ഷന്‍ പീപ്ള്‍സ് മൂവ്മെന്റ് എന്ന സംഘടന സുപ്രീംകോടതിയിലെത്തിയത്.
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒരു മാനദണ്ഡവും പാലിക്കാതെയാണ് പേഴ്സനല്‍ സ്റ്റാഫ് നിയമനം നടത്തിയതെന്നും സുപ്രീംകോടതി ഇടപെടണമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കെ. ഹരിരാജും എ. കാര്‍ത്തിക്കും ബോധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനം ഇതേ രീതിയിലല്ലേ എന്ന് ചോദിച്ച ജസ്റ്റിസ് ബേല എം. ത്രിവേദി, ഗുജറാത്തിലും ഇത്തരത്തിലാണ് നിയമനമെന്നും അവർക്ക് ഓണറേറിയമാണ് കൊടുക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കേരളത്തില്‍ അത്തരത്തിൽ അല്ലെന്നും പെന്ഷന് അടക്കമുള്ള മറ്റു ആനുകൂല്യങ്ങള്‍ ഉണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. പെന്ഷന് നല്കുന്ന പ്രത്യേക ചട്ടം ഭരണഘടനവിരുദ്ധമാണെന്നും അവർ വാദിച്ചു. ഇതേത്തുടര്‍ന്ന് ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് അജയ് രസ്തോഗി ജസ്റ്റിസ് ബേലയുമായി ചർച്ച ചെയ്ത് വിശദമായി കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.