പേഴ്സനൽ സ്റ്റാഫിന് പെൻഷൻ ആനുകൂല്യം ആവശ്യപ്പെട്ടിട്ടില്ല; മറുപടിയുമായി രാജ്ഭവൻ
text_fieldsതിരുവനന്തപുരം: രാജ്ഭവനിൽ 20 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സർക്കാർ കേന്ദ്രങ്ങൾ പുറത്തുവിട്ടതോടെ മറുപടിയുമായി രാജ്ഭവൻ. അനുവദിച്ച തസ്തികകളിൽ കൂടുതൽ ഒരാളെപോലും ഗവർണറുടെ പേഴ്സനൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. പേഴ്സനൽ സ്റ്റാഫിനോ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട ജീവനക്കാർക്കോ ഏതെങ്കിലും തരത്തിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന നിർദേശം ഗവർണർ മുന്നോട്ടുവെച്ചിട്ടില്ലെന്നും രാജ്ഭവൻ തിരിച്ചടിച്ചു. 2019 സെപ്റ്റംബറിൽ നിലവിലുള്ള, ഗവർണർ ചുമതലയേൽക്കുന്നതിനു മുമ്പ് അനുവദിച്ച തസ്തികകളിൽ മാത്രമാണ് നിയമനത്തിന് ആവശ്യപ്പെട്ടത്.
വർഷങ്ങൾക്കു മുമ്പ് മുതൽ കുടുംബശ്രീ വഴി രാജ്ഭവനിൽ ജോലി ചെയ്തുവരുന്നവരെയാണ് അനുവദിച്ച തസ്തികകളിൽ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരുന്നയാളെ പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള സൈഫർ അസിസ്റ്റന്‍റ് തസ്തികയിൽ നിയമിക്കാനാണ് ആവശ്യപ്പെട്ടത്. ചുരുങ്ങിയത് 10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ രീതിയുടെ സാഹചര്യത്തിൽ കൂടിയാണ് ഗവർണർ കത്തെഴുതിയതെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.