പേഴ്സനൽ സ്റ്റാഫ് പെൻഷൻ നിർത്തില്ല -സി.പി.എം
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ ഗവർണറോട് സ്വീകരിച്ച അനുനയ സമീപനത്തിൽനിന്ന് വ്യത്യസ്തമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ സമ്പ്രദായത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച് സർക്കാറും സി.പി.എമ്മും.
അതേസമയം ഗവർണറുമായി സംഘർഷം ഉണ്ടാക്കാനല്ല സർക്കാർ ആഗ്രഹിക്കുന്നതെന്ന സന്ദേശവും സി.പി.എം നൽകി. 'ഗവർണർ പറഞ്ഞതുകൊണ്ട് മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ സമ്പ്രദായം മാറ്റാൻ പോകുന്നില്ലെന്ന്' സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അർഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി.
ഗവർണറുടെ ഭരണഘടനാനുസൃതമായ അധികാരങ്ങൾ അംഗീകരിക്കുമ്പോഴും എക്സിക്യൂട്ടിവിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടിക്ക്. 'ഗവർണർക്ക് ഒരു വിഷയത്തിൽ സർക്കാറിനോട് അഭിപ്രായം ചോദിക്കാൻ അവകാശമുണ്ട്.
വസ്തുത മനസ്സിലാക്കാൻ ചോദിക്കുന്നതിൽ തെറ്റില്ല. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ എന്നത് മാറി വന്ന എല്ലാ സർക്കാറുകളും അംഗീകരിച്ചതാണ്. 1984 മുതൽ പെൻഷൻ സമ്പ്രദായം നിലവിലുണ്ട്. യു.ഡി.എഫ് തുടങ്ങിയ പെൻഷൻ എൽ.ഡി.എഫ് തുടർന്നു. അത് നിർത്തില്ല.
നിയമിക്കുന്ന പേഴ്സനൽ സ്റ്റാഫുകളെ രണ്ടുവർഷം കഴിഞ്ഞയുടൻ മാറ്റിനിയമിക്കുമെന്ന് പറയുന്നത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അഞ്ച് വർഷത്തേക്കാണ് നിയമനം'-കോടിയേരി പറഞ്ഞു. പെൻഷൻ വിഷയത്തിൽ താൻ ഒരുമാസം കാത്തിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിന് 'നമുക്കും കാത്തിരിക്കാ'മെന്ന് പ്രതികരിച്ച കോടിയേരി സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി.
നയപ്രഖ്യാപനം ഗവർണർ അംഗീകരിക്കാൻ സർക്കാർ ഒന്നിനും വഴങ്ങിയിട്ടില്ലെന്ന് പറഞ്ഞ കോടിയേരി, അതൊക്കെ മാധ്യമ വ്യാഖ്യാനമാണെന്ന് തള്ളി. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാറിന് ഏത് ഉദ്യോഗസ്ഥരെയും മാറ്റാമെന്നും കോടിയേരി ന്യായീകരിച്ചു. പ്രശ്നം വന്നപ്പോൾ പരിഹരിക്കാനാണ് സർക്കാർ മുൻകൈ എടുത്തത്. ഗവർണറുമായി സംഘർഷം ഉണ്ടാക്കാൻ സർക്കാറും സി.പി.എമ്മും ആഗ്രഹിക്കുന്നില്ല. നിലവിൽ പ്രതിസന്ധി നിലനിൽക്കുന്നില്ല.
ഗവർണറെ കാണാൻ മുഖ്യമന്ത്രി പോയത് നിയമസഭ സമ്മേളനത്തിന് മുമ്പ് സന്ദർശിക്കുന്നതിന്റെ ഭാഗമായാണ്. പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. ഗവർണറും സർക്കാറും സംഘർഷത്തിൽ നിൽക്കാതെ പരസ്പരം യോജിച്ച് പോകേണ്ട സംവിധാനമാണ്. സർക്കാറിനെയും ഗവർണറെയും രണ്ട് യുദ്ധമേഖലയായി നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.