ഭിന്നശേഷി സംവരണം: മുസ്‌ലിം സംവരണ നഷ്ടം ഇല്ലാതെ പരിഹാരം കാണണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഭിന്നശേഷി സംവരണം നാല് ശതമാനമായി ഉയർത്തിയപ്പോൾ മുസ്‌ലിം സമുദായത്തിനുണ്ടായ രണ്ട് ശതമാനം സംവരണ നഷ്ടം നികത്താതെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വഞ്ചനാപരമാണെന്നും ഒരു സമുദായത്തിനും നിലവിലെ സംവരണതോതിൽ നഷ്ടം വരാത്ത വിധം ഭിന്നശേഷി സംവരണം നടപ്പാക്കി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
2019ൽ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഭിന്നശേഷി സംവരണത്തോത് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. അതേസമയം അത് നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങളുടെ സംവരണാവകാശങ്ങളിൽ നഷ്ടം വരുത്തിക്കൊണ്ടാകുന്നത് അനീതിയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം.
വ്യത്യസ്തമായ പരിഹാര നിർദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്നുണ്ട്. ജനറൽ ടേണുകളിൽ നിന്ന് തന്നെ മുഴുവൻ ഭിന്നശേഷി സംവരണ ടേണുകൾ കണ്ടെത്തുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, നിലവിലെ 50:50 എന്ന സംവരണ രീതി പ്രകാരം ഭിന്നശേഷി ടേണുകളും നിശ്ചയിക്കുക എന്നതാണ്. എന്നാൽ എല്ലാ സംവരണസമുദായങ്ങളിൽ നിന്നും ഈ ടേണുകൾ കണ്ടെത്തണം. വിദഗ്ധ കമ്മിറ്റിയെ നിശ്ചയിച്ച് നിർദേശങ്ങൾ സ്വീകരിക്കുകയും അതുപ്രകാരം ഒരുസമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധം ഭിന്നശേഷി സംവരണം നീതിപൂർവമായി നടപ്പാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.