‘ഓണക്കോടി’യിൽ ഗവർണറുമായി അനുനയം; ബില്ലുകൾ ഒപ്പിടാത്തതിൽ തിരക്കിട്ട് നിയമനടപടിയില്ല
text_fieldsതിരുവനന്തപുരം: ‘ഓണക്കോടി’യിൽ ഗവർണറുമായി അനുനയത്തിന്റെ പാലം തുറക്കാൻ സംസ്ഥാന സർക്കാർ. രണ്ട് മന്ത്രിമാർ ഗവർണറെ നേരിൽ കണ്ട് ഓണം വാരാഘോഷ പരിപാടിക്ക് ക്ഷണിക്കുകയും ഓണക്കോടി കൈമാറുകയും ചെയ്തതിന് പിന്നാലെ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും തിങ്കളാഴ്ച ഗവർണറെ രാജ്ഭവനിലെത്തി കണ്ടു. ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചാണ് ചീഫ് സെക്രട്ടറിയും മടങ്ങിയത്. മന്ത്രി മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയിരുന്നു.
സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ കഴിഞ്ഞവർഷം ഗവർണറെ ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല. അനുനയത്തിനുള്ള പാത തുറക്കുന്നതിന്റെ ഭാഗമായി നിയമസഭ പാസാക്കുകയും ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന ബില്ലുകളുടെ കാര്യത്തിൽ തിടുക്കപ്പെട്ട് നിയമനടപടികളിലേക്ക് പോകേണ്ടതില്ലെന്നുമാണ് സർക്കാർതലത്തിലെ ധാരണ. ഗവർണറുമായി ഇനിയും ഏറ്റുമുട്ടലിന് പോകുന്നത് വരാനിരിക്കുന്നതും പരിഗണനയിലുള്ളതുമായ ഫയലുകളിൽ തീർപ്പിന് തടസ്സമാകുമെന്ന് സർക്കാർ കരുതുന്നു. മനുഷ്യാവകാശ കമീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മണികുമാറിനെ നിയമിക്കാനുള്ള ശിപാർശയിൽ ഗവർണറുടെ അംഗീകാരം ആവശ്യമാണ്.
ആഗസ്റ്റ് ഒമ്പതിന് തീരുമാനമെടുത്തെങ്കിലും ഫയൽ ഗവർണർക്ക് സമർപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് നിയമന ശിപാർശ. നിയമനത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവിന്റെയും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെയും പരാതികൾ ഗവർണറുടെ പരിഗണനയിലാണ്.
രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമന ശിപാർശക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ഉൾപ്പെടെ ആറ് ബില്ലുകളിൽ മാസങ്ങളായിട്ടും ഗവർണർ ഒപ്പുവെച്ചിട്ടില്ല. വിവരാവകാശ കമീഷണർ നിയമനത്തിന് പുറമെ, കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേക്ക് 16 പേരെ വീതം നാമനിർദേശം ചെയ്യൽ തുടങ്ങിയവയിലും ഗവർണറുടെ അനുകൂല തീരുമാനം സർക്കാറിന് ആവശ്യമാണ്. ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച് ലോകായുക്തക്ക് മുന്നിലുള്ള ഹരജിയിൽ അപകടം ഒഴിഞ്ഞതോടെ ലോകായുക്ത നിയമഭേദഗതി ബില്ലിൽ തീരുമാനം വൈകുന്നതിൽ സർക്കാറിന് പഴയ ആശങ്കയില്ല. കേരള ഒഴികെ സർവകലാശാലകളിൽ സർക്കാർ താൽപര്യത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക വി.സിമാരെ നിയമിച്ചതും ഏറ്റുമുട്ടൽ പാതയിൽനിന്ന് പിന്മാറാൻ സർക്കാറിനെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.