മലയാളത്തിന്റെ ദസ്തയേവ്സ്കിക്ക് ശതാഭിഷേക ആശംസകളുമായി സാംസ്കാരിക കേരളം
text_fieldsതിരുവനന്തപുരം: മലയാളത്തിന്റെ 'ദസ്തയേവ്സ്കി' പെരുമ്പടവം ശ്രീധരന്റെ ശതാഭിഷേകം കെങ്കേമമാക്കി സാംസ്കാരിക കേരളം. ആശംസകളർപ്പിച്ച് തമലത്തെ വീട്ടിൽ അക്ഷര -രാഷ്ട്രീയലോകം ഒഴുകിയെത്തിയപ്പോൾ സ്നേഹവായ്പ്പുകളിൽ നന്ദിയറിയിച്ചും മധുരം വിളമ്പിയും കഥാകാരൻ എഴുത്തുമുറിയിൽ നിറഞ്ഞുനിന്നു. രാവിലെ ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജന്മദിനാശംസയറിയിച്ച് ആദ്യം ഫോൺ ചെയ്തത്. പിന്നാലെ മന്ത്രി എം.വി. ഗോവിന്ദന്റെയും ശശി തരൂർ എം.പിയുടെയും ഫോണുകൾ എത്തി. ഒരു സങ്കീർത്തനം പോലെ മധുരതരമായിരുന്നു ഇവരുടെ ആശംസകളും.
അവരോടൊക്കെ പെരുമ്പടവത്തിന് പറയാൻ ഒന്നേ ഉണ്ടായിരുന്നു 'നിങ്ങളുടെ സ്നേഹത്തിൽ ഒരുപാട് സന്തോഷം, കാലം കലണ്ടർ മറിക്കുന്നതിന് ഞാനെന്തുചെയ്യാൻ...' 84ാം പിറന്നാളിൽ ആശംസകളുമായി എത്തിയ പലർക്കും അറിയേണ്ടത് പുതിയ നോവലിനെക്കുറിച്ചായിരുന്നു. കുമാരനാശാനെക്കുറിച്ച് 'അവനിവാഴ്വ് കിനാവ്' എന്ന പേരിലുള്ള നോവൽ അവസാനഘട്ടത്തിലാണെന്നും മൂന്നുമാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നും കഥാകാരന്റെ മറുപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിലാണ് പിറന്നാൾ കേക്ക് മുറിച്ചത്.
മലയാള ഭാഷ ശ്രേഷ്ഠ ഭാഷയാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ പെരുമ്പടവം ശ്രീധരൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 'ഒരു സങ്കീർത്തനം പോലെ' 122ാം പതിപ്പിലെത്തിയതിന്റെ സന്തോഷം മറുപടി സംഭാഷണത്തിൽ പെരുമ്പടവം പങ്കിട്ടു. മന്ത്രി വി. ശിവൻകുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, വി.എസ്. ശിവകുമാർ, പാലോട് രവി, ലതികാ സുഭാഷ്, വി.ആർ. പ്രതാപൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ വീട്ടിൽ ആശംസകളുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.