പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. എറണാകുളം സെഷൻസ് കോടതിയുടെ വധശിക്ഷ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് വി. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിലെ സാക്ഷി മൊഴികളടക്കം കേസിന്റെ വിവിധ വശങ്ങൾ ഇഴകീറി പരിശോധിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും വധശിക്ഷയിൽ നിന്ന് ഇളവനുവദിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും കോടതി വിലയിരുത്തി. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം പ്രാകൃത രീതിയിലാണ് കൊലപ്പെടുത്തിയത്. ബലാത്സംഗശ്രമം ചെറുത്ത ഇരയുടെ ആന്തരികഭാഗങ്ങൾ പുറത്തുവരുന്ന രീതിയിൽ രഹസ്യഭാഗത്ത് പല തവണ കത്തികൊണ്ട് കുത്തി മാരക മുറിവേൽപിച്ചു. ലൈംഗിക വൈകൃതമുള്ള പ്രതി ലൈംഗീകാസക്തി തീർക്കാനുള്ള ശ്രമത്തിനിടെ രക്തമുറയുന്ന കൊലപാതകം നടത്തുകയായിരുന്നു.
പ്രതിയുടെ ക്രൂരകൃത്യം ദൂരവ്യാപക പ്രത്യാഘാതമാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന ഭീതിയാണ് സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ സംഭവം നൽകിയത്. പൊതുസുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ഇത്തരമൊരാൾ സമൂഹത്തിന് ഭീഷണിയാണ്. പ്രതിക്ക് നൽകുന്ന പരമാവധി ശിക്ഷ സമാനകുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് താക്കീതാണ്. ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീ സമൂഹത്തിന് ആശ്വാസമേകുന്നതാണ് ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.
2016 ഏപ്രില്‍ 28ന് വൈകുന്നേരമാണ് നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീറിനെ പിന്നീട് ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. 2017 മാര്‍ച്ച് 13ന് വിചാരണ തുടങ്ങി. ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.