ലോ അക്കാദമി സൊസൈറ്റിക്കെതിരെ വിജിലന്‍സില്‍ പരാതി
text_fieldsതിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജ് മാനേജ്മെന്‍റിനെതിരെ വിജിലന്‍സില്‍ പരാതി. സെക്രട്ടേറിയറ്റിന് അടുത്തുള്ള പുന്നന്‍ റോഡില്‍ ലോ അക്കാദമി സൊസൈറ്റിക്കുവേണ്ടി സൊസൈറ്റിയുടെ സെക്രട്ടറിയായ നാരായണന്‍ നായര്‍ 1973ല്‍ വാങ്ങിയ 34.5 സെന്‍റ് സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ഇതുമായി ബന്ധപ്പെട്ട പരാതി ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതി. വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം കെ.എം. ഷാജഹാനാണ് പരാതിക്കാരന്‍.
സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ഭൂമി കൈമാറിയതത്രെ. എന്നാല്‍ ഈ സ്ഥലത്ത് എട്ടുനില കെട്ടിടം പണിത് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഫ്ളാറ്റ് വില്‍പന നടത്തിയെന്ന് പരാതിക്കാരന്‍ പറയുന്നു. ഇതിനെതിരേ 2014 ആഗസ്റ്റ് നാലിന് സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും അട്ടിമറിക്കപ്പെട്ടത്രെ. പരാതി സര്‍ക്കാര്‍ തിരുവനന്തപുരം ജില്ല രജിസ്ട്രാര്‍ക്ക് കൈമാറിരുന്നു. ജില്ല രജിസ്ട്രാര്‍ 2012 ഡിസംബര്‍ 10ന് നല്‍കിയ മറുപടിയില്‍, ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ളെന്നാണ് അറിയിച്ചത്.
ജില്ല രജിസ്ട്രാര്‍ ഇത്തരത്തില്‍ മറുപടി നല്‍കിയതിനുപിന്നില്‍ തിരിമറിയുണ്ട്. ലോ അക്കാദമി സൊസൈറ്റി, റിയല്‍ എസ്റ്റേറ്റ് ഉടമ, ജില്ല രജിസ്ട്രാര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയതാണ് പരാതി അട്ടിമറിക്കപ്പെടാന്‍ കാരണം. ഇതിനുപിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു എന്നീ ആരോപണങ്ങളും ഷാജഹാന്‍ ഉന്നയിക്കുന്നു. പരാതി പ്രാഥമിക പരിശോധനക്കായി വിജിലന്‍സ് ഡയറക്ടര്‍ കൈമാറിയതായാണ് വിവരം. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് ലോ കോളജ് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ തള്ളിയിരുന്നു. ചട്ടവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ളെന്നായിരുന്നു അവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.