സിദ്ധാർഥന്റെ മരണം: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ നിവേദനം
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് പരീക്ഷ എഴുതാൻ കോടതിവിധിയുടെ പേരിൽ അനുമതി നൽകിയതിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വി.സിക്ക് നിവേദനം നൽകി.
മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ പ്രതികൾക്ക് 75 ശതമാനം ഹാജരില്ല. ഇതു ബോധ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ അനുമതി നൽകിയത് യൂനിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ സർവകലാശാല അപ്പീൽ നൽകണമെന്നാണ് ആവശ്യം. സർവകലാശാല അധികൃതരുടെ ഒത്താശയോടെയാണ് പരീക്ഷ എഴുതാനുള്ള വിധി സമ്പാദിച്ചത്. ഓൾ ഇന്ത്യ വെറ്ററിനറി കൗൺസിലിന്റെ ചട്ടപ്രകാരം 75 ശതമാനം ഹാജരില്ലാത്തവർ പരീക്ഷ എഴുതുന്നത് വിലക്കിയിട്ടുണ്ട്.
ഇക്കാര്യം സർവകലാശാല കോടതിയെ അറിയിച്ചില്ല. പരീക്ഷയുടെ തലേദിവസം തിരക്കിട്ട് ഹരജി സമർപ്പിച്ചാണ് വിദ്യാർഥികൾ അനുകൂല ഉത്തരവ് സമ്പാദിച്ചത്. ആന്റിറാഗിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്നുവർഷത്തേക്ക് കോളജിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് പ്രതികൾ. സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ ഉടൻ അപ്പീൽ നൽകണമെന്നും കേസിൽ കക്ഷിചേരാൻ സിദ്ധാർഥന്റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും വെറ്ററിനറി സർവകലാശാല വി.സിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.