മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടയുടെ എൻട്രിഫീസിനെതിരെ ഹരജി
text_fieldsകൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടക്ക് ചെക്പോസ്റ്റുകളിൽ എൻട്രിഫീസ് ഏർപ്പെടുത്തിയതിനെതിരെ ഹൈകോടതിയിൽ ഹരജി. മുട്ടയൊന്നിന് രണ്ടുപൈസ ഫീസ് ഏർപ്പെടുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ജൂലൈ 31ന് ഉത്തരവിറക്കിയത്. ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് മുട്ട വിപണന ബിസിനസ് നടത്തുന്ന അബ്ദുൽ റഹ്മാനടക്കം നൽകിയ ഹരജിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണത്തിൽ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് 26ന് വാദം കേൾക്കും.
കാർഷിക ഉൽപന്നവും അവശ്യവസ്തുവുമായ മുട്ട, പഴം, പച്ചക്കറി തുടങ്ങിയവക്ക് ജി.എസ്.ടി നിയമത്തിൽ നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കൾക്ക് ഈ ഉൽപന്നങ്ങൾ മിതമായ വിലയ്ക്ക് കിട്ടണമെന്ന ലക്ഷ്യത്തോടെയാണിത്. എന്നാൽ, കേരള സർക്കാർ പരോക്ഷമായി നികുതി ഈടാക്കുകയാണ്. ഇത് നിയമവിരുദ്ധമാണ്. ഒരു കോടിയിലധികം മുട്ടയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും കേരളത്തിലെത്തുന്നത്.
ഇതിന് രണ്ട് പൈസ വീതം നൽകുന്നത് വലിയ ബാധ്യതയാണെന്നാണ് കച്ചവടക്കാരുടെ വാദം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മുട്ടയും കൊണ്ടുവരുന്ന മുട്ടയും തമ്മിൽ നികുതിപരമായ വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. ആഗസ്റ്റ് ഒന്നുമുതൽ നിരക്ക് ഈടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.