നിർബന്ധിത കുമ്പസാരത്തിനെതിരായ ഹരജി നാളെ കോടതിയിൽ; സർക്കാർ നിലപാട് നിർണായകമാകും
text_fieldsകൊച്ചി: യാക്കോബായ-ഓർത്തഡോക്സ് സഭ തർക്കത്തിൽ സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാന സർക്കാർ നിലപാട് നിർണായകമാകും. ഇരു സഭ വിശ്വാസികളുടെയും പള്ളികളുടെയും എണ്ണം ശേഖരിച്ച് ഹാജരാക്കണമെന്നാണ് ചൊവ്വാഴ്ച കോടതി നൽകിയ നിർദേശം. നേരത്തേ ജില്ല ഭരണകൂടത്തിന് കൈമാറാൻ നിർദേശിച്ച ആറ് പള്ളികളിലും ഇപ്പോഴുള്ള സ്ഥിതി തുടരാനും നിർദേശിച്ചിട്ടുണ്ട്. കോടതിയിൽനിന്നുണ്ടായ നിരീക്ഷണങ്ങൾ ഫലത്തിൽ ഓർത്തഡോക്സ് സഭക്ക് തിരിച്ചടിയാണ്.
സഭകൾ തമ്മിലെ തർക്കം രൂക്ഷമായ വേളയിൽ പ്രശ്നപരിഹാരത്തിന് സർക്കാർ പലവട്ടം മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു ചർച്ച നടത്തിയത്. എന്നാൽ, 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നു. സുപ്രീംകോടതി വിധി അംഗീകരിച്ചശേഷം ചർച്ച എന്നതായിരുന്നു അവരുടെ നിലപാട്.
ഇതോടെ ചർച്ചകൾ ലക്ഷ്യംകാണാതെ പോയി. ഇതിനു പിന്നാലെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച ചർച്ച് ബില്ലിനെതിരെയും ഓർത്തഡോക്സ് സഭ പോര് നയിച്ചത് സുപ്രീംകോടതി വിധിയിലെ മേൽക്കോയ്മ ചൂണ്ടിക്കാട്ടിയായിരുന്നു. സഭയുടെ എതിർപ്പിനെത്തുടർന്ന് ബില്ല് നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്നാക്കം പോകുകയുംചെയ്തു. എന്നാൽ, സർക്കാർ താൽപര്യം മറികടന്ന്, യാക്കോബായക്കാർക്ക് ഭൂരിപക്ഷമുള്ള പള്ളികൾ ഒന്നൊന്നായി നിയമനടപടികളിലൂടെ കൈപ്പിടിയിലൊതുക്കിയ ഓർത്തഡോക്സ് സഭ നടപടിയിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു.
ഇതോടെയാണ് ആദ്യഘട്ടത്തിൽ പള്ളികളിൽ പൊലീസ് സഹായത്തോടെ കോടതി വിധി നടപ്പാക്കിയ സർക്കാർ, ഒടുവിൽ അതിൽനിന്ന് പിന്നാക്കം പോയത്. ഇതിനെതിരെ സർക്കാറിനെയും യാക്കോബായ വിഭാഗത്തെയും പ്രതികളാക്കി ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് അവർക്ക് തലവേദന സൃഷ്ടിക്കുന്ന ഇടപെടൽ കോടതി നടത്തിയത്. കേസിൽ സർക്കാർ നിലപാടും ഓർത്തഡോക്സ് സഭക്കെതിരായിരുന്നു. സർക്കാർ വാദം മുഖവിലക്കെടുത്തായിരുന്നു കോടതിയുടെ പല നിരീക്ഷണങ്ങളുമുണ്ടായത്.
ഇതോടെയാണ് രണ്ടാഴ്ചമുമ്പ് സെമിത്തേരികളിൽ എല്ലാ വിഭാഗങ്ങൾക്കും പൊതു അവകാശമുണ്ടെന്ന് ഇടക്കാല വിധി പറഞ്ഞ കോടതി, ഇന്നലെ ഓർത്തഡോക്സ് വിഭാഗം അവകാശവാദം ഉന്നയിച്ച പള്ളികളിൽ തൽസ്ഥിതി തുടരാൻകൂടി ഉത്തരവിട്ടത്.
ഇതേസമയം ഓർത്തഡോക്സ് സഭയിലെ നിർബന്ധിത കുമ്പസാരത്തിനെതിരെ ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജിയും വ്യാഴാഴ്ച സുപ്രീംകോടതിയുടെ ഇതേ ബെഞ്ചിലാണ് വരുന്നത്. ഇതിലടക്കം സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.