ക്ഷേത്രമൈതാനം നവകേരള സദസ്സ് വേദിയാക്കുന്നതിനെതിരെ ഹരജി; ഉത്തരവിന്‍റെ പകർപ്പ് തേടി ഹൈകോടതി
text_fieldsകൊച്ചി: കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനം സർക്കാറിന്‍റെ നവകേരള സദസ്സ് നടത്താൻ അനുമതി നൽകിയ ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈകോടതി. ഡിസംബർ 18ന് നവകേരള സദസ്സ് നടത്താൻ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്‍റെ മൈതാനം വിട്ടു നൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹരജിയിലാണ് വ്യാഴാഴ്ചതന്നെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ദേവസ്വം ബോർഡ് സ‌്കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തോട് ചേർന്നാണ് മൈതാനമെന്നും ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂളും മൈതാനവുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ കൂടിയായ ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന്‍റെയും കോടതി വിധികളുടെയും ലംഘനമാണ്. നവംബറിൽ തുടങ്ങി ജനുവരിയിൽ അവസാനിക്കുന്ന മണ്ഡല ചിറപ്പ് മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനുപുറമേ പന്ത്രണ്ട് വിളക്ക്, മണ്ഡല വിളക്ക്, കാർത്തിക വിളക്ക്, മകരവിളക്ക് തുടങ്ങിയവയും ഇത്തവണ നടത്തുന്നുണ്ട്.
ഡിസംബർ 18ന് വൈകീട്ട് ആറിന് നവകേരള സദസ്സ് നടത്താൻ മൈതാനം വിട്ടുനൽകുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.