തമിഴ്നാട്ടിൽനിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങൾക്കെതിരായ ഹരജി തീർപ്പാക്കി
text_fieldsകൊച്ചി: തമിഴ്നാട്ടിൽനിന്ന് അമിതമായി കരിങ്കൽ കയറ്റി വാളയാർ ചെക്ക് പോസ്റ്റ് വഴി പോകുന്ന ചരക്ക് വാഹനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. 2022 ഒക്ടോബർ 20ന് ഇതേ ആവശ്യമുന്നയിച്ച് ഹരജിക്കാരനായ തൃശൂർ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ നിവേദനം ഒരു മാസത്തിനകം പരിഗണിച്ച് ഉത്തരവിടണമെന്ന് സർക്കാറിന് നിർദേശം നൽകിയാണ് ഹരജി തീർപ്പാക്കിയത്.
വാളയാർ വഴി ഇടതടവില്ലാതെ അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നത് നിയന്ത്രിക്കുക, അനധികൃതമായി അധിക ലോഡ് കയറ്റുന്ന വാഹനങ്ങൾക്ക് അധിക നികുതി ചുമത്താൻ ജി.എസ്.ടി കമീഷണർക്ക് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സതീഷ് പൊതുതാൽപര്യ ഹരജി നൽകിയത്.
ഇത്തരം 350ഓളം വലിയ വാഹനങ്ങൾ ദിനംപ്രതി തമിഴ്നാട്ടിൽനിന്ന് വാളയാർ വഴി വരുന്നുണ്ടെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, ഈ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ ഗതാഗത കമീഷണർ കോടതിയിൽ വിശദീകരിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇവക്കെതിരായ കേസുകളുടെ വിശദാംശങ്ങളും നൽകി. തുടർന്നാണ് നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.