ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച് സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന് ഹരജി
text_fieldsകൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വിഷപ്പുക ശ്വസിച്ചവരെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയമാക്കി ചികിത്സ നൽകണമെന്നടക്കം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സി.എം.പി എറണാകുളം ജില്ല സെക്രട്ടറി പി. രാജേഷാണ് ഹരജിക്കാരൻ. വിഷപ്പുക ശ്വസിച്ചവരെ പരിശോധിക്കുകയും ചികിത്സ ആവശ്യമെങ്കിൽ സർക്കാർ ചെലവിൽതന്നെ ലഭ്യമാക്കണമെന്നുമാണ് ആവശ്യം.
തീയണക്കാനും കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. ബ്രഹ്മപുരം സംഭവത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിക്കൊപ്പം ഇതും പരിഗണിക്കാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി. ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ഹരജി പരിഗണിക്കുന്നത്.
തീയണക്കാൻ സൈന്യത്തിന്‍റെയോ ഇൻഡസ്ട്രിയൽ ഫയർ ഫൈറ്റിങ് യൂനിറ്റിന്റെയോ സഹായം തേടാൻ നിർദേശിക്കുക, മലിനീകരണ നിയന്ത്രണ ബോർഡും ജില്ല കലക്ടറും പ്ലാന്‍റിൽ പരിശോധന നടത്തുക, ഖരമാലിന്യ സംസ്കരണ നിയമപ്രകാരമുള്ള സംസ്ഥാനതല ഉപദേശക സമിതിക്ക് രൂപം നൽകാൻ നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.